സുജിത് ദാസിനെ എസ്.പി സ്ഥാനത്തുനിന്ന് നീക്കി; അജിത് കുമാറിനെതിരെ നടപടിയില്ല

കോട്ടയം/തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ ഗുരുതര ആരോപണങ്ങളിൽ ഉൾപ്പെട്ട പത്തനംതിട്ട എസ്.പി എസ്. സുജിത് ദാസിനെ സ്ഥാനത്തുനിന്ന് നീക്കി. വി.ജി. വിനോദ് കുമാറി​നെ പുതിയ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. സുജിത് ദാസിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു.

എന്നാൽ, സുജിത്തിനേക്കാൾ ഗുരുതര ആരോപണം നേരിട്ട എ.ഡി.ജി.പി അജിത് കുമാറിനെതിരെ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. അജിത് കുമാറിനെ ചുമതലയിൽനിന്ന് മാറ്റുമെന്നും പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുമെന്നും സർക്കാർ വൃത്തങ്ങളിൽനിന്ന് രാവിലെമുതൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും രാത്രിവരെ നീണ്ട ഉന്നതതല ചർച്ചകളിൽ തീരുമാനം മയപ്പെടുത്തുകയായിരുന്നു.

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ചരിത്രത്തിൽ സമാനതയില്ലാത്ത അത്യപൂർവ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച തിങ്കളാഴ്ച പൊലീസ് സേനയിലെ രണ്ടാമനെതിരായ അന്വേഷണം മുഖ്യമന്ത്രിതന്നെ ലൈവായി പ്രഖ്യാപിച്ചെങ്കിലും അടിയന്തര നടപടികളില്ല. ആരോപണങ്ങൾ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് രാവിലെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഡി.ജി.പിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉന്നതതലസംഘം രൂപവത്കരിച്ചെന്ന വാർത്താകുറിപ്പാണ് രാത്രി പത്തരയോടെ പുറത്തിറക്കിയത്.

ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ്, ഐ.ജിയും തിരുവനന്തപുരം കമീഷണറുമായ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, ഇന്‍റലിജൻസ് എസ്.പി എ. ഷാനവാസ് എന്നിവരാണ് സംഘത്തിലുള്ളത്.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഇടതു സർക്കാറിനെ ഞെട്ടിച്ച് ഭരണപക്ഷ എം.എൽ.എ പി.വി അൻവർ വീണ്ടും മലപ്പുറത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച തിങ്കളാഴ്ച രാവിലെതന്നെ, കോട്ടയത്ത് പൊലീസ് അസോസിയേഷൻ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വസ്തനായ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ വേദിയിലിരുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സേനയിൽ അച്ചടക്കം വളരെ പ്രധാനമാണെന്നും അതിനു നിരക്കാത്ത പ്രവൃത്തി ചെയ്താൽ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രത്യേക നടപടികളുമുണ്ടാകുമെന്നുമാണ്, കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞത്.

Tags:    
News Summary - MLA Anvar's revelations: pathanamthitta sp Sujith Das removed from position; No action against Ajith Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.