കൊച്ചി: മതസ്പർധക്ക് കാരണമാകുന്ന പുസ്തകം പഠിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കൊച്ചിയിലെ പീസ് ഇൻറർനാഷനൽ സ്കൂൾ മാനേജിങ് ഡയറക്ടർ എം.എം. അക്ബറിന് ജാമ്യം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജാമ്യം അനുവദിച്ചത്. വൈകുന്നേരം ഏഴോടെ അദ്ദേഹം ജയിൽമോചിതനായി.
സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്കായി തയാറാക്കിയ പാഠപുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ മതസ്പർധക്ക് ഇടവരുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. എറണാകുളം ജില്ല വിദ്യാഭ്യാസ ഒാഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ 2016 ഒക്ടോബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പ്രിൻസിപ്പൽ, ട്രസ്റ്റ് അംഗങ്ങൾ എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കിയാണ് കേസ്. ഇതിന് പിന്നാലെ പുസ്തകത്തിെൻറ പ്രസാധകരെ നാലുമുതൽ ആറുവരെ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഹൈകോടതി 2016 ഡിസംബർ 17ന് ജാമ്യം അനുവദിച്ചു. ഇതിനുശേഷമാണ് അക്ബറിനെ ഏഴാം പ്രതിയാക്കിയത്. ഫെബ്രുവരി 24ന് മലേഷ്യയിൽനിന്ന് വരുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽവെച്ചാണ് പിടിയിലാകുന്നത്.
എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ അക്ബറിനെ പ്രതിയാക്കുകയോ അതിൽ ആരോപണങ്ങൾ ഉള്ളതായോ കാണുന്നില്ലെന്ന് േകാടതി പറഞ്ഞു. സ്കൂളിെൻറ ഉടമ എന്ന നിലയിലാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും ഉടമയാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ശേഖരിച്ചിട്ടില്ല. ആരോപണമുന്നയിക്കപ്പെട്ട പുസ്തക ഭാഗങ്ങളിൽ ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരായി എന്തെങ്കിലും ഉള്ളതായി കാണുന്നില്ല. പരാതി ഉയർന്നപ്പോൾതെന്ന പുസ്തകം സ്കൂൾ അധികൃതർ പിൻവലിച്ചിട്ടുമുണ്ട്.
ഇൗ പുസ്തകത്തിലെ പാഠഭാഗങ്ങൾ സംബന്ധിച്ച് ഒരു വിദ്യാർഥിയുടെയും മാതാപിതാക്കൾ പരാതി നൽകുകയോ എതിർപ്പ് അറിയിക്കുകയോ ചെയ്തിട്ടുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വർഷവും അഞ്ചുമാസവുമായി കേസ് രജിസ്റ്റർ ചെയ്തിട്ട്. ഇതിനകം അന്വേഷണം ഏറക്കുറെ പൂർത്തിയായിട്ടുണ്ടാവണം. അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരനെ കൂടുതൽ കാലം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒമ്പത്) തള്ളിയതിനെത്തുടർന്നാണ് ജാമ്യം തേടി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. അതിനിടെ, മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതിയല്ല തെൻറ അറസ്റ്റിന് കാരണമായതെന്ന് ജയില്‍മോചിതനായ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അന്‍വര്‍ എം.എല്‍.എ അദ്ദേഹത്തെ ജയിലിൽ സന്ദര്‍ശിച്ചു. ജയിൽമോചിതനായശേഷം എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍ എന്നിവരും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.