തൊടുപുഴ: പൊൻമുടി അണക്കെട്ടിനു സമീപം വൈദ്യുതി ബോർഡിെൻറ 21 ഏക്കർ മന്ത്രി എം.എം. മണിയുടെ മകളുടെ ഭർത്താവ് പ്രസിഡൻറായ രാജക്കാട് സഹകരണ ബാങ്കിനു നൽകിയത് ക്രമവിരുദ്ധമായാണെന്ന് ആരോപണം. ഫെബ്രുവരി 28നു ചേർന്ന കെ.എസ്.ഇ.ബി ഫുൾ ബോർഡ് യോഗമാണ് സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം വി.എ. കുഞ്ഞുമോൻ പ്രസിഡൻറായ രാജക്കാട് സഹകരണ ബാങ്കിനു ഭൂമി നൽകാൻ തീരുമാനമെടുത്തത്. മന്ത്രി അധ്യക്ഷനായ യോഗങ്ങളിലായിരുന്നു തീരുമാനം.
കെ.എസ്.ഇ.ബിക്കു കീഴിലെ ഹൈഡൽ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോർട്ട് വാങ്ങിയായിരുന്നു നടപടി. മന്ത്രിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറുമായ സതിയുടെ ഭർത്താവാണ് കുഞ്ഞുമോൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹൈഡൽ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കാൻ തീരുമാനിച്ചാണ് രാജാക്കാട് സംഘത്തിനു വഴിയൊരുക്കിയത്. കഴിഞ്ഞ വർഷം മേയ് അഞ്ചിനു ചേർന്ന ഹൈഡൽ ടൂറിസം ഗവേണിങ് ബോഡിയിലാണ് പങ്കാളിത്ത തീരുമാനം. ഈ വർഷം ഫെബ്രുവരിയിലാണ് രാജാക്കാട് ബാങ്കിനു ഭൂമി കൈമാറാൻ അണിയറ നീക്കം നടന്നത്.
വിവിധ സഹകരണ സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചിരുന്നെന്നും രാജാക്കാട് സഹകരണ ബാങ്ക് കൂടുതൽ ഗുണകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചന്നുമാണ് ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാൽ, സഹകരണ സംഘങ്ങളെ നിശ്ചയിച്ചതിലെ മാനദണ്ഡങ്ങളിൽ അവ്യക്തതയുണ്ട്. ആകെ വരുമാനത്തിെൻറ 20 ശതമാനം ഹൈഡൽ ടൂറിസത്തിനു നൽകാമെന്നാണ് രാജാക്കാട് സംഘത്തിെൻറ വാഗ്ദാനം. ഇതടക്കം ഏഴ് സഹകരണ സംഘങ്ങൾക്കാണ് ഭൂമി അനുവദിക്കാൻ തീരുമാനിച്ചതെങ്കിലും ആദ്യം കൈമാറിയത് മന്ത്രിയുടെ മരുമകെൻറ സംഘത്തിനാണെന്നാണ് സൂചന.
അതേസമയം, സംയുക്ത സംരംഭമായാണ് പദ്ധതി തുടങ്ങിയിട്ടുള്ളതെന്നും ബോർഡിെൻറ ഭൂമിയിൽ ടൂറിസം പദ്ധതിക്ക് രാജാക്കാട് സഹകരണ സംഘത്തിന് ലൈസൻസ് അനുവദിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. ഭൂമി പാട്ടത്തിനു നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. മുൻ ഭരണസമിതിയുടെ കാലത്താണ് ടെൻഡർ നടപടികളും മറ്റു തീരുമാനങ്ങളും ഉണ്ടായതെന്നും ഇതു സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ചിലർ ആരോപണം ഉന്നയിക്കുന്നതെന്നും സംഘം പ്രസിഡൻറ് വി.എ. കുഞ്ഞുമോനും പറഞ്ഞു.
സഹ.സംഘത്തിന് നൽകിയത് സുതാര്യത ഉറപ്പാക്കാൻ –മന്ത്രി തൊടുപുഴ: മുതൽമുടക്ക് സഹകരണ സംഘത്തിനാകുകയും എന്നാൽ, ബോർഡിന് ലാഭം കിട്ടുകയും ചെയ്യുന്ന പദ്ധതി എന്ന നിലയിലാണ് രാജാക്കാട് സഹ. ബാങ്കിന് ഭൂമി നൽകിയതെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു. സുതാര്യമായിരിക്കണമെന്ന നിലക്കാണ് സഹകരണ സംഘത്തിനു നൽകിയത്. വ്യക്തികൾക്ക് പദ്ധതി നടത്തിപ്പ് കൈമാറിയാൽ ഉണ്ടാകാവുന്ന ആരോപണം ഒഴിവാക്കുന്നതിനുമായിരുന്നു ഇത്. മറ്റൊരു താൽപര്യവും ഇക്കാര്യത്തിലില്ലെന്നും മന്ത്രി പറഞ്ഞു.
അനുമതി ഏഴു സംഘങ്ങൾക്ക് –മുൻ ഡയറക്ടർ തൊടുപുഴ: മന്ത്രി മണിയുടെ മരുമകൻ പ്രസിഡൻറായ രാജക്കാട് സഹകരണ സംഘത്തിനു മാത്രമല്ല ഇതടക്കം ഏഴു സഹകരണ സംഘങ്ങളുമായി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിട്ടുണ്ടെന്ന് തീരുമാനമെടുത്ത സമയത്ത് ൈഹഡൽ ടൂറിസം ഡയറക്ടറായിരുന്ന എ.ജെ. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭരണസമിതിയുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. കോൺഗ്രസ് ഭരിക്കുന്നതടക്കം സംഘങ്ങളാണ് ഇവ. ഭൂമി പാട്ടത്തിനു കൊടുക്കുകയല്ല ഉണ്ടായിട്ടുള്ളതെന്നും സംയുക്ത സംരംഭങ്ങളായാണ് പ്രവർത്തിക്കുകയെന്നും മുൻ ഡയറക്ടർ പറഞ്ഞു. വൈദ്യുതി ബോർഡിെൻറ ഭൂമിയിൽ പദ്ധതി നടത്തിപ്പിന് ലൈസൻസ് നൽകുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.