മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിക്കടുത്ത് കൊല്ലപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളിയെ കൈകൾ പിറകിലേക്ക് കെട്ടി എട്ടു പേർ മണിക്കൂറുകൾ ക്രൂരമായി മർദിച്ചെന്ന് പൊലീസ്. ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ എട്ടു പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.
ബിഹാര്‍ ഈസ്റ്റ് ചെമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി സോണ്ടര്‍ മാഞ്ചിയുടെ മകന് രാജേഷ് മാഞ്ചിയാണ് (36) മരിച്ചത്. ഇയാൾ മോഷണത്തിനായാണ് പ്രദേശത്ത് എത്തിയതെന്നാണ് പ്രതികളുടെ മൊഴി.
ശനിയാഴ്ച പുലര്‍ച്ച ഒന്നിനുശേഷം കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കോഴിത്തീറ്റ വിപണന കേന്ദ്രത്തില്‍ ജോലിക്കായി രാജേഷ് കിഴിശ്ശേരി ഒന്നാം മൈലില്‍ എത്തി വാടക ക്വാര്‍ട്ടേഴ്സില്‍ താമസമാക്കിയത്. ഈ ക്വാര്‍ട്ടേഴ്സിന്റെ 300 മീറ്റര്‍ അകലെയുള്ള വി.പി. അലവിയുടെ വീട്ടുപരിസരത്താണ് രാജേഷിനെ സംശയ സാഹചര്യത്തിൽ കണ്ടത്.
സംശയ സാഹചര്യത്തില്‍ സമീപത്തെ വീട്ടുപരിസരത്തുനിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി എന്ന വിവരത്തെ തുടര്‍ന്ന് പുലര്‍ച്ച 3.30ഓടെയാണ് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തിയത്. ഇയാളുടെ ശരീരമാസകലം മര്‍ദനമേറ്റതിന്റെ പരിക്കുകളും പാടുകളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പുലര്‍ച്ച 3.50ന് ആംബുലന്‍സില്‍ രാജേഷിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എ.എസ്.പി വിജയ് ഭാരത് റെഢിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.