കോട്ടയം: എം.ജി സർവകലാശാല കാമ്പസിൽ സഹവിദ്യാർഥികളുടെ ക്രൂരമർദനത്തിന് ഇരയായ ഗവേഷക വിദ്യാർഥിക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നീതിയില്ല. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ സിദ്ധാർത്ഥൻ എന്ന വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തിനു മുമ്പാണ് മനസാക്ഷി മരവിക്കുന്ന സംഭവങ്ങൾക്ക് മഹാത്മാഗാന്ധിയുടെ പേരിലറിയപ്പെടുന്ന സർവകലാശാല സാക്ഷ്യം വഹിച്ചത്. തനിക്കേറ്റ ദുരനുഭവം പുറത്തുപറയാൻ പോലും ഭയപ്പെടുകയാണ് മർദനമേറ്റ സ്കൂൾ ഓഫ് എൻവയോൺമെന്‍റ് സയൻസിൽ ഗവേഷണം നടത്തുന്ന ടോമിൻ എന്ന വിദ്യാർഥി. 2023 പകുതിയിലാണ് സംഭവങ്ങളുടെ തുടക്കം. റീഡിംഗ് റൂമിലിരുന്ന ടോമിൻ അവിടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചുവെന്ന് പരാതി ഉയർന്നു.
സ്റ്റുഡന്‍റ് വെൽഫയർ കമ്മറ്റി സി.സി ടി.വിയടക്കം പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളി.ഇതിൽ തൃപ്തിയാവാതെ പരാതിക്കാരി ഇന്‍റേണൽ കംപ്ലെയിനറ് കമ്മറ്റിക്ക് അപ്പീൽ നൽകി. തുടന്ന് സിൻഡിക്കേറ്റംഗം ഡോ. ബിജു പുഷ്പനെ അന്വേഷണത്തിനായി സർവകലാശാല നിയോഗിച്ചു. ഇതിനിടെയാണ് കാമ്പസിലെ ഇടിമുറിയെന്ന് അറിയപ്പെടുന്ന സ്ഥലത്തുവെച്ച് ഗവേഷക വിദ്യാർത്ഥിക്ക് മർദനമേറ്റത്. പ്രശ്നം പരിഹരിക്കാൻ എന്നുപറഞ്ഞു വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി മർദിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിൽസിച്ച ഡോക്ടർ അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ പൊലീസ് സംഭവത്തിൽ കേസെടുത്തു. 1035/2023 എന്ന നമ്പറിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. മർദിച്ചവർ ആരെന്ന് കൃത്യമായി അറിയാത്തതിനാൽ പരാതിക്കാരിയായ പെൺകുട്ടിയും കണ്ടാൽ അറിയാവുന്ന 20 ഓളം പേരുമാണ് നിലവിൽ പ്രതിയായിരിക്കുന്നത്. അതേസമയം,
പരാതി വ്യാജമാണെന്ന് കണ്ടെത്തിയ ഡോ.ബിജു പുഷ്പൻ ടോമിന് പഠിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ നൽകണമെന്ന് റിപ്പോർട്ട് നൽകി. കാമ്പസിൽ കയറുന്നതിൽ ഭീഷണിയുണ്ടെങ്കിൽ പൊലീസ് സഹായം തേടാമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ സർവകലാശാല ഉത്തരവായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡോ. ബിജു പുഷ്പൻ ‘മാധ്യമം ഓൺലൈനോടു’ പറഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലായെന്നാണ് അനേഷണം നടത്തിയ ഡോ. ബിജു പുഷ്പൻ പറയുന്നത്. എതിർഭാഗം ശക്തമാണെന്നും വിവാദങ്ങളുണ്ടാക്കാൻ താൽപര്യമില്ലാത്തതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെ ഈ പ്രശ്നം അവതരിപ്പിക്കാത്തതെന്നുമാണ് മർദനത്തിനിരയായ വിദ്യാർത്ഥിയുടെ നിലപാട്. നിയമപരമായി സാധ്യമായ എല്ലാ നപടികളും പ്രതികൾക്കെതിരെ സ്വീകരിക്കുന്നുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു.
സർവകലാശാലയും പൊലീസുമെല്ലാം ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവം സിദ്ധാർത്ഥന്‍റെ മരണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് വീണ്ടും ചൂടുപിടിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രശ്നം സജീവമാക്കി നിർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാവട്ടെ പ്രതികാര നടപടികൾ ഭയന്നു പരസ്യ പ്രതികരണത്തിനു മുതിരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.