മാസപ്പടിയിൽ കേസെടുക്കേണ്ടത് മകൾക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെ -വി.ഡി. സതീശൻ

കൊച്ചി: മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  മാസപ്പടി ആരോപണത്തില്‍ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചതെന്നും ബിനാമികളെ വച്ച് കേസ് നല്‍കുന്ന പതിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരജിയില്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് കോടതി തള്ളിയതെന്നും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി കേസ് നല്‍കുന്നവർ ആരെ സഹായിക്കാനാണ് ചെയ്യുന്നതെന്ന് അന്വേഷിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

'പഠിച്ചും പരമാവധി തെളിവുകള്‍ സമാഹരിച്ചും മാത്രമെ പ്രതിപക്ഷം കോടതിയെ സമീപിക്കൂ. കള്ളപ്പണം വെളുപ്പിച്ച കേസായതിനാല്‍ ഇ.ഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇ.ഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്ന് കൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാല്‍ വിജിലന്‍സിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലന്‍സ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ?'- പ്രതിപക്ഷ നേതാവ് ചോദിച്ചു.

സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സി.പി.എമ്മുകാര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലും കേസെടുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലെ സതിയമ്മയ്‌ക്കെതിരെ പോലും കേസെടുത്തു. എത്ര മനുഷ്യത്വഹീനമായാണ് 8000 രൂപ ശമ്പളം വാങ്ങിയ ഒരു സ്ത്രീയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തത്. ഈ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും പുതുപ്പള്ളി തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Money controversy: A case should be filed not against the daughter, but against the Chief Minister - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.