െകാച്ചി: കോവിഡ് നെഗറ്റിവായി ഒരു മാസത്തിനകം ബാധിക്കുന്ന രോഗങ്ങൾക്ക് കോവിഡ് ചികിത്സ പാക്കേജ് ബാധകമാക്കാത്തതെന്തെന്ന് ഹൈകോടതി. കോവിഡാനന്തര ചികിത്സക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന തുക നിശ്ചയിച്ച് പുറപ്പെടുവിച്ച പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
കോവിഡ് നെഗറ്റിവായി ഒരു മാസം കഴിഞ്ഞുള്ള മരണം കോവിഡ് മരണമായി കണക്കാക്കുമ്പോൾ കോവിഡിന് ശേഷം ഒരു മാസത്തിനകം ബാധിക്കുന്ന രോഗങ്ങളെ കോവിഡ് ചികിത്സ പാേക്കജ് പരിധിയിൽ ഉൾപ്പെടുത്താതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള കാരണമെന്തെന്നും കോടതി ആരാഞ്ഞു. കോവിഡ് ചികിത്സ നിരക്ക് പുനഃപരിശോധന ആവശ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോവിഡ് പാക്കേജ് പ്രകാരം ഇത്തരക്കാർക്കും ചികിത്സ നൽകാനാവില്ലേയെന്ന് ആരാഞ്ഞ കോടതി കോവിഡാനാന്തര ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ ആഗസ്റ്റ് 16ന് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുന്നതായിരിക്കും അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാറിനോട് കോടതി വിശദീകരണം തേടി. വിശദീകരണം നൽകാമെന്ന് സർക്കാറും വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രികളിൽ ബോർഡ് സ്ഥാപിക്കണമെന്ന നിർദേശത്തിൽ നടപടി സ്വീകരിച്ചുവരുകയാണെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.