കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റി (ഇ.ഡി)നെതിരെ കോടതിയുടെ വിമർശനം. പി.എസ്. സരിത്തിനും സന്ദീപ് നായർക്കും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിലാണ് പ്രതിക്കെതിരായ തെളിവ് എവിടെയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചത്.
21-ാമത്തെ തവണ സ്വർണം കടത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയതെന്ന് പറയുന്നു. മുമ്പ് 20 തവണ സ്വർണം കടത്തിയെന്നും പറയുന്നു. എന്നാൽ, ഇതെല്ലാം പ്രതികളുടെ കുറ്റസമ്മത മൊഴികളാണ്. ഈ മൊഴികൾ കസ്റ്റഡിയിലുള്ളപ്പോഴോ അല്ലാത്തെയോ ലഭിച്ചതാണ്. ഇതല്ലാതെ മറ്റെന്തെങ്കിലും രേഖകളോ തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്നും ഇ.ഡിയോട് കോടതി ചോദിച്ചതായി ഉത്തരവിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ബുധനാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ഒന്നും നാലും പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരുവർക്കുമെതിരായ ഇ.ഡിയുടെ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് അഞ്ചുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേൽ ജാമ്യം അനുവദിച്ചത്. എന്നാൽ, കൊഫെപോസ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ ഇരുവർക്കും ജയിൽമോചിതരാവാൻ കഴിയില്ല.
സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ അറസ്റ്റിലായ ഇരുവരും അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ ഡിസംബറിൽ ഇ.ഡി കുറ്റപത്രം നൽകിയിരുന്നു. ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസുകളിൽ പ്രതിയായ സന്ദീപ് നായർ എൻ.ഐ.എ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.