കൈതോലപ്പായയിൽ പണം കടത്ത്: ജി. ശക്തിധരന്‍ മൊഴി നൽകാൻ ഹാജരായി

തിരുവനന്തപുരം: കൈതോലപ്പായയിൽ സി.പി.എം ഉന്നത നേതാവ് പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്റർ ജി. ശക്തിധരൻ മൊഴി നൽകാൻ ഹാജരായി. കന്‍റോൺമെന്‍റ് എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും പരാതിയിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ഉന്നത നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടരക്കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്‍റെ വെളിപ്പെടുത്തൽ. പണം കടത്തിയതിന് സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശക്തിധരന്‍റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പിയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

അതേസമയം, പൊലീസ് തന്‍റെ ഫോൺ നിരീക്ഷിക്കുന്നതായി ശക്തിധരൻ ഫേസ്‌‌‌‌‌‌ബുക്ക് പോസ്റ്റിലൂടെ ഇന്നലെ ആരോപിച്ചിരുന്നു. ഒരാഴ്ചയായി ഗൂഢസംഘം തന്‍റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ്. സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ്. വിദേശത്തു നിന്നുള്ള ഇന്‍റർനെറ്റ് കോളുകളാണ് ഏറെയും. ഇതിനെക്കാൾ ഭേദം കൊല്ലുകയാണെന്നും കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Money laundering: G. Sakthidharan appeared to statement in police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.