എടക്കര: റോഡില്‍ വീണുകിടന്ന തൂവാലക്കിഴിയിലെ തുക പാലിയേറ്റിവിന് നല്കി മാതാവും മകനും മാതൃകയായി. വഴിക്കടവ് നെല്ലിക്കുത്തിലെ കളത്തിപ്പറമ്പില്‍ ത്രേസ്യാമ്മയും മകന് മോന്സിയുമാണ് കളഞ്ഞുകിട്ടിയ തുക വഴിക്കടവ് പാലിയേറ്റിവ് ക്ലിനിക് അധികൃതര്‍ക്ക് കൈമാറിയത്. ഭിന്നശേഷിക്കാരന് കൂടിയായ മോന്‍സി രാവിലെ തേങ്ങ പൊതിക്കാനായി പോകുംവഴിയാണ് റോഡരികില്‍ തൂവാല പൊതി കണ്ടത്. സമീപം കീറിയ രണ്ട് പത്തിെൻറ നോട്ടുകള്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് മോന്‍സിക്ക് സംശയംതോന്നിയത്.
കോവിഡ് പേടിയുള്ളതിനാല്‍ പൊതി കമ്പുകൊണ്ട് തട്ടിത്തട്ടി മോന്‍സി വീട്ടിലെത്തിക്കുകയായിരുന്നു. ഉടന്‍തന്നെ ത്രേസ്യാമ്മ വിവരം സമീപ വീട്ടുകാരനായ ബിന്നിയെ അറിയിക്കുകയും ബിന്നി പാലിയേറ്റിവ് പ്രവര്‍ത്തകനായ വിമുക്തഭടന് ഷിജോയെ അറിയിക്കുകയുമായിരുന്നു. ഇവര്‍ ചേര്‍ന്ന് പൊതിയഴിച്ചപ്പോള്‍ മുഷിഞ്ഞ കടലാസില്‍ ഒരുകുറിപ്പ് കണ്ടെത്തി. ഈ തുക കിട്ടുന്നവര്‍ പാലിയേറ്റിവില്‍ ഏല്പിക്കണമെന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. തൂവാലക്കിഴിയില് 5030 രൂപയുമുണ്ടായിരുന്നു. പാലിയേറ്റിവ് അധികൃതര്‍ ത്രേസ്യാമ്മയുടെ വീട്ടിലെത്തി തുക കൈപ്പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.