മോൻസൺ മാവുങ്കൽ കേസ്: ഐ.ജി ജി. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ പ്രതിയായ ഐ.ജി ജി. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുത്തത്. പൊലീസ് ട്രെയിനിങ് ഐ.ജിയായാണ് പുനർനിയമനം. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽനിന്ന് മോൻസൺ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്​. മുൻ ഡി.ഐ.ജി എസ് .സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.

രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണ, സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖ, ശിൽപി സന്തോഷ് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തെന്ന് പറയുന്ന കുറ്റപത്രം ഉദ്യോഗസ്ഥർ പണം വാങ്ങിയതിനു തെളിവില്ലെന്നാണ് വ്യക്തമാക്കുന്നത്. ഉന്നതരെ സംരക്ഷിക്കാനുള്ള അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു.


Tags:    
News Summary - Monson Mavunkal Case: IG G. Lakshmana's suspension was revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.