കണ്ണൂർ: കോവിഡിനിടയിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സമ്മാനിച്ച് റെയിൽവേ. കോവിഡിനെ തുടർന്ന് നിർത്തലാക്കിയ ട്രെയിനുകളിൽ പലതും പുനരാരംഭിക്കാത്ത റെയിൽവേ, യാത്രക്കാർക്ക് റിസർവേഷൻ ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. ടിക്കറ്റ് ഓൺലൈനായും റിസർവേഷൻ കൗണ്ടറുകൾ മുഖേനയുമാണ് നൽകുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു റിസർവേഷൻ കൗണ്ടറുകളാണുള്ളത്. ടിക്കറ്റെടുക്കാനായി യാത്രക്കാരുടെ തിരക്കൊഴിഞ്ഞ സമയം ഇല്ലെന്നുതന്നെ പറയാം.
സാമൂഹിക അകലംപോലും പാലിക്കാതെയാവും പലപ്പോഴും യാത്രക്കാരുടെ വരി. കൗണ്ടറിലെ തിരക്കൊഴിവാക്കാൻ ഓൺലൈനിൽ ടിക്കറ്റെടുക്കാമെന്ന് കരുതിയാൽ ടിക്കറ്റിന് പുറമെ തുക അധികം നൽകണം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ വഴി ടിക്കറ്റെടുക്കുേമ്പാൾ സിറ്റിങ് 20 രൂപ, സ്ലീപ്പർ 30, എ.സി 50 എന്നിങ്ങനെയാണ് അധിക ചാർജ്. സ്വകാര്യ ഏജൻസികൾ വഴിയാണെങ്കിൽ കമീഷൻ അടക്കം തുക ഇനിയും കൂടും.
ഓൺലൈനായി ഒരാൾക്ക് ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ റിസർവ് ചെയ്യാനാകൂവെന്ന നിബന്ധനയും ബുദ്ധിമുട്ടിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരും തൊഴിലാളികളുമടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് ഒരു മാസം 20 മുതൽ 30 ദിവസം വരെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും. ഐ.ആർ.സി.ടി.സി വഴി ടിക്കറ്റെടുക്കുേമ്പാൾ ആധാർ ലിങ്ക് ചെയ്താൽ പരമാവധി ആധാർ ലിങ്ക് 12 ടിക്കറ്റുകൾ വരെയെടുക്കാം. ബാക്കി ദിവസങ്ങളിൽ കൗണ്ടറിൽ വരിനിൽക്കുകയല്ലാതെ രക്ഷയില്ല. റെയിൽവേയുടെ ഈ തീരുമാനം ഇരുട്ടടിയാണെന്ന് യാത്രക്കാർ പറയുന്നു.
നേരത്തെ നിയന്ത്രണമില്ലാതെ ഐ.ആർ.സി.ടി.സി വഴി ടിക്കറ്റെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലും ഇടനിലക്കാർ ടിക്കറ്റ് മറിച്ചുവിൽക്കുന്നുവെന്ന കാരണത്താലാണ് ഈ സൗകര്യം നിർത്തിയത്. ഓൺലൈൻ ടിക്കറ്റിനുള്ള നിയന്ത്രണം എടുത്തുകളഞ്ഞാൽ കുറഞ്ഞ ദൂരപരിധിയിൽ യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് സൗകര്യത്തോടെ ലക്ഷ്യസ്ഥാനത്തെത്താനാവും. കൗണ്ടറിൽ തിരക്ക് കൂടുേമ്പാൾ ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.