കാസർകോട്: അവധി ദിവസത്തിന്റെ ആലസ്യമില്ലാതെ ആവേശത്തോടെ നാട്ടുകാർ ഒത്തുചേർന്നതോടെ കടൽതീരശുചീകരണത്തിൽ ശേഖരിച്ചത് 1000ത്തിലേറെ ചാക്ക് അജൈവ പാഴ്വസ്തുക്കൾ! നവകേരളം കർമപദ്ധതിയുടെ ‘ശുചിത്വതീരം ശുചിത്വസാഗരം’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിനിൽ ജില്ലയിലുടനീളം 3200 പേരാണ് പങ്കെടുത്തത്.
ജില്ലയിലെ കണ്വതീർഥ മുതൽ വലിയപറമ്പ തീരംവരെ ജനകീയമായി ശുചീകരിച്ചു. വലിയപറമ്പയിൽ മാത്രം 24 കിലോമീറ്റർ ദൂരത്ത് 1298 പേർ രംഗത്തിറങ്ങി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലംതല ഉദ്ഘാടനം ഹോസ്ദുർഗ് കൈറ്റ് ബീച്ചിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയും ഉദുമയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും വലിയ പറമ്പിൽ എം. രാജഗോപാലൻ എം.എൽ.എയും അഴിത്തലയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ ചെമ്പിരിക്ക ബീച്ചിൽ കലക്ടർ കെ. ഇമ്പശേഖറും നിർവഹിച്ചു. പള്ളിക്കരയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനും മൊഗ്രാൽപുത്തൂരിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമയും മഞ്ചേശ്വരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്റാരോയും മംഗൽപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫലും കുമ്പളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫും കാഞ്ഞങ്ങാട് നഗരസഭയിൽ മരക്കാപ്പ് കടപ്പുറം ചെയർപേഴ്സൻ കെ.വി. സുജാതയും അജാനൂരിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദും കാസർകോട് നഗരസഭയിൽ അസി. കലക്ടർ ദിലീപ് കെ. കൈനിക്കരയും നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം ആശുപത്രിക്ക് സമീപം നടത്തിയ കടലോര ശുചീകരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
തദ്ദേശസ്വയംഭരണ ജോ. ഡയറക്ടർ ജയ്സൺ മാത്യു, നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർമാരായ എ. ലക്ഷ്മി, എച്ച്. കൃഷ്ണ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ക്ലീൻ കേരള കമ്പനി മാനേജർ മിഥുൻ, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ല മാനേജർ മിഥുൻ കൃഷ്ണൻ, ജില്ല പ്ലാനിങ് റിസർച് ഓഫിസർ കുഞ്ഞികൃഷ്ണൻ, തദ്ദേശസ്ഥാപന വൈസ് പ്രസിഡന്റുമാർ, സ്ഥിരംസമിതി അധ്യക്ഷൻമാർ, സെക്രട്ടറിമാർ, കൗൺസിലർമാർ, മെംബർമാർ, ജില്ല ഏകോപനസമിതിയിലെയും കാമ്പയിൻ സെക്രട്ടേറിയറ്റിലെയും അംഗങ്ങൾ, റിസോഴ്സ് പേഴ്സൻമാർ, തദ്ദേശസ്ഥാപന ആരോഗ്യവിഭാഗം സൂപ്പർവൈസർമാരും ജീവനക്കാരും പ്രവർത്തനത്തെ ഏകോപിപ്പിച്ചു.
ചെമ്മനാട്: ചെമ്പിരിക്ക കടപ്പുറത്ത് സംഘടിപ്പിച്ച തീരദേശ ശുചീകരണ പ്രവര്‍ത്തനം കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഒരുദിവസത്തേക്ക് മാത്രമാവരുതെന്നും കലക്ടര്‍ പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.