കൊച്ചി: ബുദ്ധിശക്തി കണക്കാക്കാൻ പരിഗണിക്കുന്ന ഐ.ക്യു നിലവാരം 70നും 84നും ഇടയിലുള്ള വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഹൈകോടതി. മെഡിക്കൽ ബോർഡിന്റെ ശിപാർശയനുസരിച്ച് അധിക സമയമോ പരീക്ഷ എഴുതാൻ സഹായിയെയോ ലഭ്യമാക്കണം.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നൽകുന്നതിന് സമാന രീതിയിൽ ഇവർക്കും അധികസമയം അനുവദിക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ വിഭാഗത്തിൽപെട്ട ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഐ.ക്യു നിലവാരം 70നും 84 നുമിടയിലുള്ള കുട്ടികൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഇന്റലക്ച്വൽ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്) ലഭ്യമാക്കി പരീക്ഷയെഴുതാൻ അധികസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇത്തരം കുട്ടികൾ പഠനവേഗം കുറഞ്ഞവരാണെങ്കിലും ഭിന്നശേഷിക്കാരിലോ പഠനവൈകല്യമുള്ളവരുടെ കൂട്ടത്തിലോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന ഇവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ സഹായം ആവശ്യമാണെന്നുകാട്ടി ഭിന്നശേഷി വിഭാഗക്കാർക്കുവേണ്ടിയുള്ള കമീഷൻ ആരോഗ്യ ഡയറക്ടർക്ക് ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന സർക്കാർ വിശദീകരണംകൂടി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.