റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നില്‍

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നില്‍

പത്തനംതിട്ട: വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Tags:    
News Summary - Mother collapses and dies after meeting her son in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.