കോഴിക്കോട്: ജീവനോടെയല്ലെങ്കിലും അർജുനെ തിരിച്ചുകിട്ടാൻ അമ്മ ഷീലക്ക് രോഗശയ്യയിൽ കിടന്ന് പോരാടേണ്ടിവന്നത് മാസങ്ങൾ. ജൂലൈ 16ന് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ വിവരം അറിഞ്ഞ അന്നുമുതൽ ആശങ്കയിലായ കുടുംബം പിറ്റേന്ന് ചേവായൂർ പൊലീസിൽ പരാതി നൽകി. മകനെ കണ്ടെത്താനുള്ള ഒരുനീക്കവും ഇല്ലാതിരുന്നതിനാൽ എം.കെ. രാഘവൻ എം.പിയുടെ ഓഫിസിലെത്തി പരാതി നൽകിയതോടെയാണ് അങ്കോള സ്റ്റേഷനിൽ കാണാതായ പരാതിപോലും സ്വീകരിച്ചത്. ഓരോ ദിവസവും തിരച്ചിൽ വൈകിയതോടെ ഷീലയുടെ മനസ്സ് പിടഞ്ഞു. തന്റെ അവസ്ഥ ആർക്കും വരരുതെന്നുപറഞ്ഞ ഷീല കേന്ദ്ര, സംസ്ഥാന സർക്കാറുകളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നുവരെ പറഞ്ഞു. കാണാതായി അഞ്ചുദിവസം കഴിഞ്ഞിട്ടും സൈന്യത്തെ ഇറക്കാത്തത് ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ സന്ദേശമയച്ചു.
തിരച്ചിൽ സർക്കാർ നിർത്തിവെച്ചതിനെതിരെ പ്രതികരിച്ച അർജുന്റെ മാതാവിന് സമൂഹം ഒന്നടങ്കം ചെവികൊടുത്തു. ‘‘എന്റെ മനസ്സിലെ അവസ്ഥ എന്താണെന്നുപോലും എനിക്കറിയില്ല, കർണാടകയിലെ രക്ഷാസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. അവൻ എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്ന അവസ്ഥ ഓർക്കുമ്പോൾ പെട്ടെന്ന് ഭയം വരുകയാണ്. രക്ഷക്കുവേണ്ടി അവൻ വിളിച്ചു കൂവുകയോ ആർക്കുകയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാവും. ആരും അറിയുന്നുണ്ടാവില്ല. ആരെങ്കിലും ഇപ്പംവരും ഇപ്പംവരും എന്ന് ബോധംപോകുംവരെ ചിന്തിക്കുന്നുണ്ടാകും’’ -ഷീലയുടെ ഓരോവാക്കും മലയാളികളുടെ ഉള്ളുലച്ചു.
കഴിഞ്ഞ ഏപ്രിലിൽ അപസ്മാരത്തെത്തുടർന്നുള്ള വീഴ്ചമൂലം തലക്ക് പരിക്കേറ്റ് ഷീല ചികിത്സയിലായിരുന്നു. അർജുന്റെ അവധിനോക്കി ശസ്ത്രക്രിയ നടത്തി വിശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതാവുന്നത്. ഇതോടെ രോഗം മുർച്ഛിച്ചു. തലവേദന കൂടാതിരിക്കാൻ ബന്ധുക്കൾ നനഞ്ഞ തുണി കെട്ടിക്കൊടുക്കുമെന്നല്ലാതെ ആധിയും വേദനയും കൂടിവന്നതേയുള്ളൂ. കേരളത്തിലെ സന്നദ്ധപ്രവർത്തകരെയും ബന്ധുക്കളെയും കടക്കാൻ അനുവദിക്കാത്തതിനെയും ചോദ്യം ചെയ്യേണ്ടിവന്നു ഷീലക്ക്.
മാധ്യമങ്ങളുടെ മുന്നിൽ ഒരിക്കൽപോലും കരയാതെ പിടിച്ചു നിന്ന ഷീല മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ അർജുനെ കാണാതായി 34ാം ദിവസം വീട്ടിലെത്തിയപ്പോൾ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.