കൊച്ചി: വാഹനമോടിക്കുന്നവർ മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചിന്‍ ഷിപ്പ്‍യാർഡിന്‍റെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന 'താങ്ക്സ്, സോറി, പ്ലീസ്' കാമ്പയിനിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാഹനം ഓടിക്കുമ്പോൾ പലപ്പോഴും ആളുകൾ മര്യാദ മറക്കുന്നതായി ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ മര്യാദയാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.
കാമ്പയിനിന്‍റെ ലോഗോ പ്രകാശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മഞ്ജു വാര്യരും ചേർന്ന് നിർവഹിച്ചു. അടിച്ചേൽപ്പിക്കലുകൾ ഇല്ലാതെ വൈകാരികതലത്തിൽ ഗതാഗത സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗതാഗത വകുപ്പിന്‍റെ 'താങ്ക്സ്, സോറി, പ്ലീസ്' കാമ്പയിൻ. ഇതിനായി മമ്മൂട്ടി ,മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖരുടെ സന്ദേശങ്ങൾ അടങ്ങിയ ആറ് ഹ്രസ്വചിത്രങ്ങൾ മോട്ടോർ വാഹനവകുപ്പ് തയാറാക്കിയിട്ടുണ്ട്. കാമ്പയിനിന്‍റെ ഭാഗമായി വാഹനങ്ങളിൽ ലോഗോ പതിപ്പിക്കും. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന കാനയിനിൻ പിന്നീട് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത്, ഫോർട്ട് കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, കൊച്ചിൻ ഷിപ്പ്‍യാർഡ് അസി. ജനറൽ മാനേജർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.