തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ പോയ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസറായി നിയമനം നൽകാൻ നീക്കമെന്ന് പരാതി. സർവകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസി. പ്രഫസർ തസ്തികയിലേക്കാണ് നിയമന നീക്കം. ഇതിനായി ഏപ്രിൽ 16ന് നടത്താൻ നിശ്ചയിച്ച ഒാൺലൈൻ ഇൻറർവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കും കത്ത് നൽകി. അപേക്ഷകരായ 30 പേർക്ക് ഇൻറർവ്യൂ അറിയിപ്പ് ഇമെയിൽ ആയി അയച്ചിട്ടുണ്ട്. എച്ച്.ആർ.ഡി സെൻററിലെ തസ്തികകളെല്ലാം താൽക്കാലികമാണെങ്കിലും കണ്ണൂരിൽ മാത്രം ഒരു അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ സർവകലാശാലക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
2020 ജൂൺ 30നാണ് സർവകലാശാല നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡയറക്ടർ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. പ്രഫസർ തസ്തികയിൽ മാത്രമായി തിരക്കിട്ട് നിയമനം. ബാഹ്യസമ്മർദത്തിന് വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് ഓൺലൈൻ ഇൻറർവ്യൂ നടത്താൻ നിർബന്ധിതനായതെന്നാണ് സൂചന. ഷംസീറിെൻറ ഭാര്യയെകൂടി കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇൻറർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയൻറ് കുറച്ച് നിശ്ചയിച്ചതായും ആരോപണമുണ്ട്. അക്കാദമിക മികവോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇൻറർവ്യൂ മാർക്കിെൻറ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാകുമെന്ന് കണ്ടാണ് സ്കോർ പോയൻറ് കുറച്ചത്.
ഇൻറർവ്യൂവിൽ ഹാജരാകുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കാനാകുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, കാലടി, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ ഏറെ വിവാദമാക്കിയത്. കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയൻറുള്ള പരമാവധി പത്തുപേരെ മാത്രം ഇൻറർവ്യൂവിന് ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികക്ക് മുപ്പത് പേരെ ക്ഷണിക്കാൻ തീരുമാനിച്ചതും ഇഷ്ടക്കാർക്ക് നിയമനം ഉറപ്പുവരുത്താൻ വേണ്ടിയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.