മുസ്‌ലിം രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയം -വിസ്ഡം

പെരിന്തൽമണ്ണ: മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്ന എല്ലാ വിധത്തിലുള്ള പുരോഗമനങ്ങളെയും, സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമർശിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്.

പൗരന് ലഭിക്കുന്ന ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നത് പോലും വർഗീയമായും സാമുദായികമായും ചിത്രീകരിക്കുന്നത് പൊറുപ്പിക്കാനാവില്ല. രാജ്യത്ത് നിലവിലുള്ള ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

1971ലെ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള മുസ്‌ലിം മസ്ജിദുകൾ പിടിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പാലിക്കണം. അധികാര ദുർവിനിയോഗത്തിലൂടെ സംഘടനാ സംവിധാനങ്ങൾ പിടിച്ചടക്കുകയും, ഇസ്ലാമിക പ്രമാണങ്ങളെയും, വിശ്വാസ ആചാരങ്ങളെയും തള്ളിപറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ജന. കൗൺസിൽ അഭിപ്രായപ്പെട്ടു.

ലജ്നത്തുൽ ബുഹൂഥിൽ ഇസ്ലാമിയ്യ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, ജന. സെക്രട്ടറി ടി.കെ അശ്റഫ്, സെക്രട്ടറി നാസിർ ബാലുശ്ശേരി, പ്രഫ. ഹാരിസ് ബ്നു സലീം, ലജ്നത്തുൽ ബുഹൂഥിൽ ഇസ്ലാമിയ്യ സെക്രട്ടറി ഷമീർമീദീനി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ.സജ്ജാദ്, വൈസ് പ്രസിഡന്‍റ് ശരീഫ് ഏലാങ്കോട്, മാലിക് സലഫി, ശബീബ് സ്വലാഹി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജന:സെക്രട്ടറി ടി.കെ നിഷാദ് സലഫി, സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് അർഷദ് താനൂർ, അബൂബക്കർ ഉപ്പള കാസർഗോഡ്, ജമാൽ മദനി കൊയിലാണ്ടി, അബ്ദുറഹ്മാൻ വയനാട്, എഞ്ചി. അബ്ദുറസാഖ്, ഷാജഹാൻ മഞ്ചേരി, റഷീദ് മാസ്റ്റർ കാരപ്പുറം, വെൽക്കം അബൂബക്കർ, അബ്ദുറശീദ് കൊടക്കാട്, അശ്റഫ് സുല്ലമി, നിസാർ കരുനാഗപ്പള്ളി, ജാബിർ വി. മൂസ എറണാകുളം, ഡോ. ഷാനവാസ് പറവണ്ണ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - move to characterize Muslim political consciousness as communal is reprehensible -wisdom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.