കൊച്ചി: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസിൽ (കെ.എസ്.എഫ്.ഇ) പട്ടികവിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട യോഗ്യത ഭേദഗതി ചെയ്യാനുള്ള കെ.എസ്.എഫ്.ഇ ബോർഡ് തീരുമാനത്തിനെതിരെ പട്ടികജാതി, പട്ടികവർഗ വിഭാഗം ഉദ്യോഗസ്ഥർ രംഗത്തുവന്നു. തീരുമാനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
കെ.എസ്.എഫ്.ഇ റിക്രൂട്ട്മെൻറ് ചട്ടപ്രകാരം നിലവിൽ ചീഫ് മാനേജർമാരെ സീനിയോറിറ്റി കം മെറിറ്റ് അടിസ്ഥാനത്തിലാണ് അസിസ്റ്റൻറ് ജനറൽ മാനേജർമാരായി (എ.ജി.എം) നിയമിക്കുന്നത്. ഇത് മെറിറ്റ് കം സീനിയോറിറ്റി അടിസ്ഥാനത്തിലാക്കി അഭിമുഖം വഴിയാക്കാനാണ് പുതിയ തീരുമാനം. നിർദേശം സർക്കാർ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.
17 വർഷം മുമ്പ് പട്ടികവിഭാഗക്കാരായ എം.കോം ബിരുദധാരികളെ പി.എസ്.സി സ്പെഷൽ റിക്രൂട്ട്മെൻറിലൂടെ കെ.എസ്.എഫ്.ഇയിൽ മാനേജർമാരായി നിയമിച്ചിരുന്നു. വിവിധ ശാഖകളിലും മേഖല ഓഫിസുകളിലും ഹെഡ്ഓഫിസിലും പ്രവർത്തിച്ച ഇവരാണ് നിലവിൽ ചീഫ് മാനേജർമാരുടെ സീനിയോറിറ്റി ലിസ്റ്റിൽ മുന്നിൽ. സീനിയോറിറ്റിക്ക് പകരം മെറിറ്റിന് പ്രാധാന്യം നൽകുന്ന ഭേദഗതിയിലൂടെ പ്രായത്തിലും സർവിസിലും താഴെ നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് എ.ജി.എം ആയി നിയമനം ലഭിക്കുമെന്നും തങ്ങളുടെ പ്രമോഷൻ സാധ്യതകൾ അട്ടിമറിക്കപ്പെടുമെന്നും പട്ടികവിഭാഗം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഭേദഗതി അംഗീകരിച്ചാൽ പിന്നാക്കവിഭാഗങ്ങൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട ഉദ്യോഗക്കയറ്റമോ പരിഗണനയോ ഭാവിയിൽ ലഭിക്കില്ലെന്നും പരാതിയിലുണ്ട്.
യോഗ്യത പരിഷ്കരിക്കുേമ്പാൾ മെറിറ്റ് എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
താൽപര്യമുള്ളവരെ സുപ്രധാന തസ്തികയിൽ നിയമിക്കാനാണ് യോഗ്യത ഭേദഗതി ചെയ്യാനുള്ള ബോർഡ് തീരുമാനമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
എന്നാൽ, ഏറ്റവും അനുയോജ്യരായവരെ എ.ജി.എം തസ്തികയിൽ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രഹ്മണ്യൻ നികുതിവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.
ഓരോ വിഭാഗം ജീവനക്കാരുടെയും നിയമനത്തിൽ പട്ടികജാതി, പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അവസരം ഇല്ലാതാക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് എം.ഡിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.