തൃശൂർ: ‘ഇനി അയാളെ തൊട്ടുപോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.’ നവാബ് രാജേന്ദ്രനെ ക്രൂരമായി മർദിച്ച തൃശൂരിലെ പൊലീസുകാരോട് സ്റ്റേഷനിലെത്തിയായിരുന്നു വീരേന്ദ്രകുമാറിെൻറ പ്രതികരണം. കെ. കരുണാകരനെ രാഷ്ട്രീയത്തിൽ അപ്രസക്തമാക്കുമായിരുന്ന തട്ടിൽ എസ്റ്റേറ്റ് അഴിമതിക്കേസിൽ രേഖകൾ പിടിച്ചെടുക്കാൻ പൊലീസിനെ ഉപയോഗിച്ചുള്ള ക്രൂരതയിലായിരുന്നു നവാബ് രാജേന്ദ്രന് പീഡനം നേരിട്ടത്.
രണ്ടുനാൾ ജയറാം പടിക്കലിെൻറ നേതൃത്വത്തിൽ തുടർന്ന മർദനമുറകളിൽ നവാബ് രാജേന്ദ്രെൻറ മുൻവരിയിലെ പല്ലുകൾ കൊഴിഞ്ഞുവീണു. വിവരമറിഞ്ഞ സി.പി.എം നേതാവ് അഴീക്കോടൻ രാഘവൻ വാർത്തസമ്മേളനം നടത്തി, നവാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നുവെന്നും മർദനമേറ്റ് അവശനാണെന്നും അറിയിച്ചതോടെ പൊലീസിന് നവാബിനെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു. അഴീക്കോടനും വീരേന്ദ്രകുമാറും ചേർന്ന് അവശനായ നവാബിനെ ട്രിച്ചൂർ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു.
രാജേന്ദ്രനെ സർക്കാർ ആശുപത്രിയിലാക്കണമെന്ന് കാണിച്ച് പൊലീസ് കോടതിക്ക് കത്ത് നൽകിയെങ്കിലും തള്ളി. ഇതോടെയാണ് വീരേന്ദ്രകുമാർ രോഷത്തോടെ സ്റ്റേഷനിലെത്തി സർക്കിൾ ഇൻസ്പെക്ടറോട് രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചത്. ഇനി അയാളെ തൊട്ടുപോയാൽ പ്രത്യാഘാതം ഗുരുതരമാകും, അതിന് നിങ്ങൾ സമാധാനം പറയേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. അന്ന് കരുണാകരെൻറ നിയന്ത്രണത്തിലുള്ള പൊലീസും വീരേന്ദ്രകുമാറിെൻറ പൊട്ടിത്തെറിക്ക് മുന്നിൽ പതറിപ്പോയി.
ആശുപത്രിയിലെത്തിയ വീരേന്ദ്രകുമാർ രാജേന്ദ്രന് ഒരുകുറവും വരരുതെന്നും അതിനുവേണ്ടി എന്ത് ചെലവായാലും താൻ നൽകുമെന്നും അറിയിച്ചു. തട്ടിൽ എസ്റ്റേറ്റ് അഴിമതിയിൽ കരുണാകരനെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ തൃശൂരിൽ ഇടതുകക്ഷികളുടെ നിർണായക യോഗത്തിനെത്തുമ്പോഴായിരുന്നു അഴീക്കോടെൻറ കൊലപാതകം. 1972 സെപ്റ്റംബർ 23നായിരുന്നു ആ ദാരുണസംഭവം. തൃശൂരിൽ പ്രീമിയർ ലോഡ്ജിലായിരുന്നു വീരേന്ദ്രകുമാർ താമസിച്ചിരുന്നത്.
ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ കുത്തേറ്റുവീണ് മരിച്ചത്, സോഷ്യലിസ്റ്റ് പ്രവർത്തകനും നഗരത്തിലെ വ്യാപാരിയുമായിരുന്ന ശ്രീധരൻ അറിയിച്ചതനുസരിച്ച് ആദ്യം എത്തിയതും വീരേന്ദ്രകുമാറായിരുന്നു. ആ ഓർമ ഇന്നും നീറ്റലായി അഴീക്കോടൻ സ്മരണകളുടെ വേളകളിലെല്ലാം വീരേന്ദ്രകുമാർ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.