തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ വിവിധ ശാഖകളിൽനിന്നുള്ള 1294 ക്ലറിക്കൽ ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിങ് മേഖലയിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) വിന്യസിക്കാൻ ഉത്തരവിറക്കിയതിനെതിരെ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ കേരള സർക്കിൾ സംസ്ഥാന വ്യാപകമായി ധർണയും പ്രകടനവും നടത്തി. രണ്ടാഴ്ചയായി എസ്.ബി.ഐ ജീവനക്കാർ പ്രതിഷേധ സമരത്തിലാണ്.
എറണാകുളം, തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫിസ്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകൾ, 29 റീജനൽ ബിസിനസ് ഓഫിസ് എന്നിവിടങ്ങളിൽ സായാഹ്ന ധർണയും 1200 ശാഖകളിൽ മധ്യാഹ്ന ധർണയും നടത്തി. ജീവനക്കാർ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. സംസ്ഥാനമാകെ പോസ്റ്റർ പ്രചാരണം, ഇടപാടുകാരെയും പൊതുജനങ്ങളെയും ബോധവത്ക്കരിക്കാൻ നോട്ടീസ് പ്രചാരണം എന്നിവ വരും ദിവസങ്ങളിൽ നടത്താൻ സ്റ്റാഫ് യൂനിയൻ സർക്കിൾ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ശാഖകളിൽ നേരിടുന്ന ജീവനക്കാരുടെ ക്ഷാമവും നെറ്റ്വർക്ക് തകരാറുകളും പരിഹരിക്കാതെ നടപ്പാക്കാൻ ശ്രമിക്കുന്ന പുതിയ നയം ശാഖകളെ കൂടുതൽ കലുഷിതമാക്കുകയാണ്. ക്രമേണ ശാഖകളിൽ ജീവനക്കാരെ കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായ വാർഷിക മാനവ വിഭവശേഷി പദ്ധതിയാണ് ഇപ്പോൾ മാർക്കറ്റിങ്ങിന്റെ പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. മൂന്ന് വട്ടം ചർച്ചക്ക് ശേഷം മാനേജമെന്‍റ് ചർച്ചയിൽ നിന്നും പിൻവാങ്ങിയ സാഹചര്യമാന്നെന്ന് യൂനിയൻ ചൂണ്ടിക്കാട്ടി.
വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ പൊതുയോഗങ്ങളിൽ യൂനിയൻ സർക്കിൾ പ്രസിഡന്റ് അഖിൽ നാൻ, ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ വി.ജെ. വൈശാഖ്, എച്ച്.സി. രജത്ത്, സജി ഡാനിയേൽ, വിനോദ് ഫിലിപ്പ്, ജി. സുമേഷ്, പി.എം. ശ്രീവത്സൻ, എം.എം. ജയരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.