പി.കെ. നവാസ്, ജിയോ ബേബി 

'പറയാനുള്ള അവകാശം പോലെ തന്നെ കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്'; ഫാറൂഖ് കോളജ് യൂനിയന് പിന്തുണയുമായി എം.എസ്.എഫ്

കോഴിക്കോട്: ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബിന്‍റെ പരിപാടിക്ക് അതിഥിയായി വിളിച്ച തന്നെ മുൻകൂട്ടി അറിയിക്കാതെ പരിപാടി ക്യാൻസൽ ചെയ്​തെന്നും തന്‍റെ ധാർമിക മൂല്യങ്ങളെ ചോദ്യംചെയ്തെന്നുമുള്ള സംവിധായകൻ​ ജിയോ ബേബിയുടെ പരാതിയിൽ കോളജ് യൂനിയന് പിന്തുണയുമായി എം.എസ്.എഫ്. പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പി.കെ. നവാസിന്‍റെ പ്രതികരണം.

പി.കെ. നവാസിന്‍റെ പോസ്റ്റ്

"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്"
"വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്"
"കുടുംബം ഒരു മോശം സ്ഥലമാണ്"
"എന്‍റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്"
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
#ഫാറൂഖാബാദിനൊപ്പം
#Support_Farooqabadh




ഫാറൂഖ് കോളജിലെ പരിപാടിയ്ക്ക് തന്നെ അതിഥിയായി വിളിച്ചിരുന്നെന്നും എന്നാൽ മുൻകൂട്ടി അറിയിക്കാതെ ക്യാൻസൽ ചെയ്​തെന്നുമാണ്​ ജിയോ ബേബിയുടെ ആക്ഷേപം. പരിപാടി ക്യാൻസൽ ചെയ്യാൻ കാരണം തന്‍റെ ധാർമിക മൂല്യങ്ങളാണെന്ന മറുപടിയാണ്​ കോളജ്​ യൂനിയൻ നൽകിയതെന്നും ജിയോ ബേബി പറയുന്നു.

സോഷ്യൽമീഡിയിൽ പങ്കുവച്ച വിഡിയോയിലാണ്​ സംവിധായകൻ തന്‍റെ അനുഭവങ്ങൾ പങ്കുവച്ചത്​. പരിപാടിയുടെ ദിവസം കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി ക്യാൻസൽ ആയ വിവരം അറിയിച്ചതെന്നും എന്താണ് പരിപാടി ക്യാൻസൽ ചെയ്യാൻ കാരണമെന്ന് അന്വേഷിച്ചപ്പോൾ, തന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാലാണ് ഈ തീരുമാനമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജിയോ ബേബി പറയുന്നു.

‘ഡിസംബർ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയ്ക്ക് എന്നെ അവർ ക്ഷണിച്ചിരുന്നു. ഞാൻ അതിനായി അഞ്ചാം തീയതി കോഴിക്കോട് എത്തി. അവിടെ എത്തിയപ്പോഴാണ് ഞാനറിയുന്നത് പരിപാടി അവർ ക്യാൻസൽ ചെയ്തെന്ന്. എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ വ്യക്തമായ കാരണം മനസ്സിലായില്ല’.

‘കാരണം അന്വേഷിച്ച് ഞാൻ പ്രിൻസിപ്പലിനു മെയിലിലും വാട്സ്ആപ്പിലും മെസേജ് അയച്ചു. അതിനു ഇതുവരെ മറുപടി വന്നില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളജ് സ്റ്റുഡന്റ് യൂനിയന്റെ ഒരു കത്ത് എനിക്കു ലഭിക്കുകയുണ്ടായി. ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരിപാടിയ്ക്ക് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ് എന്നാണ് കത്തിൽ പറയുന്നത്. എന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ് യൂനിയൻ പറയുന്നത്’ -ജിയോ ബേബി പറയുന്നു.

‘ഈ പ്രോഗ്രാമിനുവേണ്ടി ഒരു ദിവസം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതിലുപരി ഞാൻ അപമാനിതനായിട്ടുണ്ട്. അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്'- ജിയോ ബേബി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.