കായംകുളം: എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് അഡ്മിഷൻ നൽകാൻ ശിപാർശ ചെയ്തത് സി.പി.എം നേതാവ് എന്ന് കായംകുളം എം.എസ്.എം കോളജ് മാനേജർ ഹിലാൽ ബാബു. എന്നാൽ, ശിപാർശ ചെയ്ത സി.പി.എം നേതാവിന്‍റെ പേര് വെളിപ്പെടുത്തില്ല. പേര് പറഞ്ഞാൽ നേതാവിന്‍റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും കോളജ് മാനേജർ വ്യക്തമാക്കി.
നിഖിലിന്‍റെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന കാര്യത്തിൽ കോളജിലെ ബന്ധപ്പെട്ട സെക്ഷന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യാർഥി ഹാജരാക്കിയതെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഉടൻ തന്നെ വിദ്യാർഥിയെ പുറത്താക്കുകയും സംഭവം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണോ എന്നറിയാൻ കോളജിൽ സംവിധാനമില്ല. അത് പരിശോധിക്കേണ്ടത് സർവകലാശാലയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതിനായി മാനേജ്മെന്‍റ് കമ്മിറ്റിയുടെ യോഗം വിളിക്കും.
നിഖിലിന് വേണ്ടി ശിപാർശ ചെയ്ത രാഷ്ട്രീയ നേതാവ് മുമ്പും അഡ്മിഷന് വേണ്ടി സമീപിച്ചിട്ടുണ്ട്. അന്നും അഡ്മിഷൻ നൽകിയിട്ടുണ്ട്. 20 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിൽ മാനേജിങ് കമ്മിറ്റിയുമായി ആലോചിച്ചാണ് അഡ്മിഷൻ നൽകുന്നത്.
കോളജ് അഡ്മിഷന് വേണ്ടി ഫീസ് വാങ്ങാറില്ല. സാധാരണക്കാരായ വിദ്യാർഥികളെ ഫീസ് വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. അക്കാര്യത്തിൽ ജാതിയോ മതമോ നോക്കാറില്ല. നിഖിൽ തോമസിന്‍റെ അഡ്മിഷനും ഫീസ് വാങ്ങിയിട്ടില്ലെന്നും ഹിലാൽ ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.