തിരുവനന്തപുരം: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമത്തിലെ പ്രതികള്‍ക്ക് സി.പി.എം കണ്ണൂര്‍ ലോബിയുമായി അടുത്തബന്ധമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി നേതാവ് എം.ടി രമേശ്. പ്രതികളിലൊരാളായ വി.പി. വിജീഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ അയല്‍വാസിയും സി.പി.എം ഗുണ്ടാലീസ്റ്റിലുള്ളയാളുമാണെന്ന് എം.ടി. രമേശ് ആരോപിച്ചു. വിജീഷിന്‍റെ സഹോദരന്‍ കതിരൂര്‍ വധക്കേസ് ഗൂഢാലോചനക്കേസ് പ്രതിയാണ്. പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും ഇവര്‍ കറങ്ങി നടക്കുന്നതിന്‍റെ കാരണം വ്യക്തമാണ്. സമാധാനമായി ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാല്‍ കൊള്ളാം. ഗുണ്ടകളെ ഒതുക്കാനുള്ള ശ്രമം തുടങ്ങേണ്ടത് സ്വന്തം ജില്ലയിലും പാര്‍ട്ടിയിലും നിന്നുമാണെന്ന് എം.ടി. രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിവസം ചെല്ലുന്തോറും ദുരൂഹത കൂടിവരികയാണ്. ചുക്കു ചേരാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. നിയമവിരുദ്ധമായ എന്തു കാര്യം കേരളത്തിൽ ഉണ്ടായാലും അതിന്റെ ഒരു വശത്ത് ഭരണകക്ഷിയിൽ പെട്ട പ്രമുഖ പാർട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി എപ്പിസോഡിലും കഥ വ്യത്യസ്തമല്ല. ക്വട്ടേഷൻ സംഘങ്ങളാണ് അരങ്ങിൽ ഉണ്ടായിരുന്നതെങ്കിൽ സംവിധാനവും തിരക്കഥയുമായി അണിയറയിൽ ഉള്ളത് ഭരണകക്ഷിയിലെ പ്രമുഖൻമാർ തന്നെയാണ്.
വിശിഷ്യ കണ്ണൂര് ലോബി.സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയൽവാസി. സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല പാർട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാൾ. ഇയാളുടെ സഹോദരൻ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസിൽ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാൾ പാർട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകൂ.
നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വർണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവർക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ? മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാൻ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാൽ കൊള്ളാം. ഗുണ്ടകളെ ഒതുക്കുമെന്ന അങ്ങയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയിൽ നിന്നും പാർട്ടിയിൽ നിന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.