കോഴിക്കോട്: എം.ടി എന്ന രണ്ടക്ഷരംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച എം.ടി. വാസുദേവൻ നായർക്ക് ആഘോഷങ്ങളേതുമില്ലാതെ ശതാഭിഷേകം. ശനിയാഴ്ചയാണ് സാഹിത്യലോകത്തെ കുലപതി 84ാം പിറന്നാളാഘോഷിച്ചത്. എല്ലാ ദിവസത്തെയുംപോെല ഒരുദിനം തന്നെയായിരുന്നു എം.ടിക്ക് പിറന്നാളെങ്കിലും രാവിലെ മുതൽ ആശംസകളുമായി നിരവധി പേർ വീട്ടിലെത്തി. ഇടക്ക് ഫോണിലൂടെയുള്ള ആശംസകളും.
ഒരിക്കലും പിറന്നാളാഘോഷിച്ച് ശീലമില്ലാത്ത എം.ടിക്ക് അതിന് തേൻറതായ കാരണവുമുണ്ട്. ബാല്യത്തിലെ പ്രാരബ്ധങ്ങൾക്കും പട്ടിണിക്കുമിടയിൽ പിറന്നാൾസദ്യക്കുപകരം പതിവുപോലെ കഞ്ഞികുടിച്ച് വിശപ്പുമാറ്റേണ്ടിവന്നിട്ടുണ്ട്. ആഘോഷങ്ങളൊന്നും അന്നുമില്ല, ഇന്നുമില്ല. ഓരോ പിറന്നാളിനും പ്രിയപ്പെട്ടവർ വീട്ടിലെത്തിയും ഫോണിൽ വിളിച്ചും ആശംസകൾ നേരുന്നതുമാത്രമാണ് ആഘോഷം. കാലത്തിനൊപ്പം സഞ്ചരിച്ച കഥാകാരന് ‘രണ്ടാമൂഴം’ എന്ന നോവൽ അഭ്രപാളിയിലെത്തുന്നതിെൻറയും രണ്ടാമൂഴത്തിെൻറ 52ാം പതിപ്പ് പുറത്തിറങ്ങുന്നതിെൻറയും സന്തോഷമാണ് ഇത്തവണത്തെ പിറന്നാളിന് പ്രത്യേകമായിട്ടുള്ളത്.
കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിൽ ശനിയാഴ്ചയുമെത്തി പിറന്നാൾ നന്മകൾ നേരാനായി ഒരുപാടുപേർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉച്ചക്ക് 1.45ന് എത്തിയപ്പോൾ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. കുശലാന്വേഷണങ്ങളുമായി കുറച്ചു സമയം. ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചപ്പോൾ കഴിക്കാൻ തുടങ്ങുന്നതേയുള്ളൂ എന്നു മറുപടി. ആരോഗ്യത്തെക്കുറിച്ചും ഉമ്മൻ ചാണ്ടിയുടെ സ്നേഹാന്വേഷണം. അതിനിടയിൽ ഖദർഷാൾ പുതപ്പിച്ചു. ആശംസ നേരുന്നവരോടെല്ലാം സന്തോഷത്തോടെ കൂപ്പുകൈ മറുപടി.
രാവിലെ മുതൽ അടുത്ത സുഹൃത്തായ വെങ്കിടാചലവും എഴുത്തുകാരൻ വി.ആർ. സുധീഷും കൂടെയുണ്ടായിരുന്നു. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, പി.വി. ഗംഗാധരൻ, ടി. സിദ്ദീഖ് തുടങ്ങിയവർ ആശംസകളുമായെത്തി. കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, കെ.എം. മാണി, നടൻ ജയറാം തുടങ്ങിയ നിരവധി പേർ ഫോണിലും വിളിച്ച് ആശംസകൾ നേർന്നു.
വിദേശത്തുനിന്നുൾെപ്പടെ നിരവധി ആരാധകരും പ്രിയ സാഹിത്യകാരന് ആയുരാരോഗ്യസൗഖ്യം നേർന്ന് രാവിലെ മുതൽ വിളിക്കുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ജന്മദിനാശംസ
തിരുവനന്തപുരം: 84ാം ജന്മവാർഷിക ദിനത്തിൽ എം.ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. പ്രതിഭാധനനായ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി മലയാളിയുടെ മനസ്സിലെ പ്രകാശഗോപുരമായി നിലകൊള്ളുകയാണ്. അദ്ദേഹത്തിെൻറ സാഹിത്യപ്രഭാവലയം ഇനിയുമേറെക്കാലം മലയാളിക്ക് ലഭ്യമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.