തൃശൂർ: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കാൻ നടത്തുന്ന 'വികസിത് ഭാരത് സങ്കൽപ് യാത്ര 'യുടെ എറണാകുളം ജില്ലാതല ഉദ്ഘാടന പൊതുയോഗത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾക്കെതിരെ രാജ്യത്തെ ബാങ്ക് ഓഫിസർമാരുടെ ഏറ്റവും വലിയ സംഘടനയായ ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന ഘടകം രംഗത്തെത്തി. കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂനിയനുകൾ മന:പൂർവം മുദ്ര വായ്പ നിഷേധിക്കുകയാണെന്ന് ആരോപിക്കുകയും അപേക്ഷകർക്ക് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടാമെന്ന് നിർദേശിക്കുകയും ചെയ്ത സുരേഷ് ഗോപി , അത്തരം ബാങ്ക് ശാഖകൾക്കെതിരെ പട നയിക്കാനും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തത്
സമൂഹത്തിൽ അരാജകത്വം പടർത്താനും വിദ്വേഷം വളർത്താനും ലക്ഷ്യമിട്ടാണെന്ന് സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ അംഗങ്ങൾക്കുള്ള സർക്കുലറിൽ പറഞ്ഞു. തുടക്കത്തിൽ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് മുദ്ര പദ്ധതിയെക്കുറിച്ചും വായ അനുവദിക്കാൻ ആർ.ബി.ഐയും കേന്ദ്ര സർക്കാരും നിഷ്കർഷിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും ബോധവത്കരിക്കാനാണ് ആലോചിച്ചത്. എന്നാൽ, എല്ലാ അസംബന്ധങ്ങൾക്കും മറുപടി നൽകി വിവരക്കേട് ആഘോഷമാക്കുന്നത് സമയം പാഴാക്കലാണെന്ന തിരിച്ചറിവിൽ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അർഹിക്കുന്ന അവഗണയോടെ അപലപിക്കുകയാണ്.
ബാങ്കിംഗ് എന്നത് കേന്ദ്രീകൃതമായി ഭരിക്കുന്ന വിഷയമാണെന്ന് സുരേഷ് ഗോപി മനസ്സിലാക്കണം -സർക്കുലറിൽ പറയുന്നു. നടപടിക്രമങ്ങളെക്കുറിച്ച് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കിൽ കേന്ദ്ര ധനമന്ത്രിയെ സമീപിക്കണം. കർശന യോഗ്യത മാനദണ്ഡങ്ങളില്ലാതെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയും മുദ്ര വായ്പ വിതരണം ചെയ്യാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ധനമന്ത്രിയോട് അഭ്യർഥിക്കാം. വായ്പ തിരിച്ചടവ് നിർബന്ധമാക്കാതെ എഴുതിത്തള്ളൽ സുഗമമാക്കാനും കേന്ദ്രത്തിനോട് ആവശ്യപ്പെടാം. പക്ഷെ, വായ്പ എഴുതി തള്ളൽ വൻകിട കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആയതിനാൽ സാധാരണക്കാരുടെ വായ്പ എഴുതിത്തള്ളുന്നത് അംഗീകരിക്കാൻ കേന്ദ്രം തയാറാകണമെന്നില്ല.
3.25 ലക്ഷം അംഗങ്ങളുള്ള ഏറ്റവും വലിയ സൂപ്പർവൈസറി കേഡർ ട്രേഡ് യൂണിയൻ എന്ന നിലയിൽ കോൺഫെഡറേഷ, സുരേഷ് ഗോപിയുടെ നിരുത്തരവാദ പ്രസ്താവനകളോട് പ്രതികരിക്കുന്നത് യുക്തിസഹമല്ല എന്നാണ് കരുതുന്നത്.
അടിസ്ഥാന ബാങ്കിംഗ് തത്വങ്ങളെക്കുറിച്ചും ബാങ്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹത്തിനുള്ള ധാരണയില്ലായ്മ പ്രകടമാണ്.ഗോപിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയും ഈ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപെടുമ്പോൾ ബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ സാധാരണക്കാരുടെയും പൊതു നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണെന്നത് തിരിച്ചറിയണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ബാങ്ക് ഉദ്യോഗസ്ഥർ മുദ്ര വായ്പ വിതരണം ചെയ്‌താൽ, വായ്പ തിരിച്ചടവ് വെല്ലുവിളിയാവും. ഇത് നിക്ഷേപകരുടെ, പ്രത്യേകിച്ച് സാധാരണ ജനങ്ങൾ കഠിനാധ്വാനം ചെയ്ത ബാങ്കുകളിൽ നിക്ഷേപിച്ച പണം നഷ്ടമാകാൻ കാരണമാകും.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ബാങ്ക് ഓഫിസർമാർ പരാജയപ്പെട്ടാൽ നിയമ നടപടി നേരിടുകയും ജോലിതന്നെ നഷ്ടമാകുന്ന ചെയ്യും.സുരേഷ് ഗോപി ആഗ്രഹിക്കുന്നത് പോലെ, ബാങ്ക് ഉദ്യോഗസ്ഥർ തെരുവിൽ പിച്ച ചട്ടിയുമായി ഭിക്ഷാടനം നടത്തുന്നതിലേക്കും നയിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ ഗോപി ഉൾപ്പെടെ ആരും ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കില്ലെന്ന വ്യക്തമായ ധാരണയുമുണ്ട്.ജോലിയിൽ ധാർമിക നിലവാരം പുലർത്തുകയും നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെ ബോധ്യം ബാങ്ക് ജീവനക്കാർക്കുണ്ട്.
പൊതു ഖജനാവിൽ നിന്നാണ് ബാങ്കർമാർ ശമ്പളവും പെൻഷനും കൈപ്പറ്റുന്നതെന്ന അദ്ദേഹത്തിന്റെ വാദത്തിൽ അറിവില്ലായ്മ പ്രകടമാണ്. ബാങ്കുകൾ കഠിനാധ്വാനം ചെയ്ത ലാഭത്തിൽനിന്നാണ് ശമ്പളം ലഭിക്കുന്നതെന്നും അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പുതിയ പെൻഷൻ സ്കീമിൽ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിയണം. ഈ സ്കീം അടിസ്ഥാനപരമായി ജീവനക്കാരുടെ ശമ്പളത്തിൽനിന്നുള്ള സംഭാവന ആണെന്നും പൊതു ഖജനാവിൽനിന്ന് ഒരു രൂപ പോലും ഈ ഫണ്ടിലേക്ക് വിനിയോഗിക്കുന്നില്ല എന്നും മനസിലാക്കണം.
സുരേഷ് ഗോപിക്ക് രാജ്യത്തിന്റെ പുരോഗതി ആത്മാർഥമായി സംഭാവന നൽകാനും അതിന്റെ വികസനത്തിൽ ആത്മാർഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുടെ പ്രചാരണത്തിനും പരസ്യത്തിനും കേന്ദ്ര സർക്കാർ ഓഫിസുകളും പൊതുമേഖല ബാങ്കുകളും പൊതു മുതലുകളും ഉപയോഗിക്കരുതെന്ന് അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഉപദേശിക്കണം.
പൊതുമേഖലാ ബാങ്കുകൾ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയുടെ വേദിയിൽ വെച്ച് അദ്ദേഹം നടത്തിയ രാഷ്ട്രീയ പ്രസ്താവനക്ക് പകരം ബാങ്കുകൾ സമ്പാദിക്കുന്ന ലാഭം തെരഞ്ഞെടുപ്പ് പ്രൊപഗണ്ട പരസ്യങ്ങളിൽ പാഴാക്കാതെ കേന്ദ്ര സർക്കാരിലേക്ക് വഴിമാറ്റി, പൊതുജനക്ഷേമത്തിനായി കൂടുതൽ നന്നായി വിനിയോഗിക്കാമെന്നു ഉപദേശിക്കുന്നതും നന്നാകും.
സുരേഷ് ഗോപിയുടെ പ്രസ്താവനയിലെ അറിവില്ലായ്മയും യുക്തിയുമില്ലായ്മയും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് മറുപടി നൽകേണ്ടെന്ന് കോൺഫെഡറേഷൻ ബോധപൂർവം തീരുമാനിക്കുന്നു.ബാങ്ക് ജീവനക്കാർക്കും ബാങ്കിംഗ് സംവിധാനത്തിനുമെതിരെ അദ്ദേഹം വിദ്വേഷം പരത്തുന്നത് അറിവില്ലായ്മയാണെന്നു കണ്ട് അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുന്നു. ചെയ്യുന്ന തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടത് കടമയാണെന്ന് ബാങ്ക് ജീവനക്കാർക്ക് അറിയാം. വിവരക്കേടുകൾക്ക് മറുപടി നൽകി സ്വയം അപഹാസ്യരാകുന്നതിൽ അർഥമില്ല.
അഭിനേതാക്കൾ രാഷ്ട്രീയക്കാരായി മാറി വോട്ട് ബാങ്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്വേഷ പ്രചാരണങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ അത്തരം നാടകീയതകൾക്ക് മുകളിൽ ഉയരാൻ രാജ്യത്തോട് പ്രതിജ്ഞാബദ്ധരായ ബാങ്ക് ജീവനക്കാർക്ക് സാധിക്കണം.അറിവില്ലായ്മ ആഘോഷിക്കുന്നതിന് പകരം അർഹിക്കുന്ന പരിഹാസത്തോടെ തള്ളിക്കളയാം -സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.