ന്യൂഡൽഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയതായി ഇ. ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
ജീവൻ തന്നെ അപകടപ്പെടുമായിരുന്ന ഈ മരുന്നിന്‍റെ അഭാവം പരിഹരിക്കുന്നതിനായി കുട്ടിയുടെ കുടുംബത്തിന്‍റെയും സഹായ കമ്മിറ്റിയുടെയും അഭ്യർഥന മാനിച്ചു കൊണ്ട് എം.പി ധനകാര്യ മന്ത്രാലയവുമായി ഇടപെടൽ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ തന്നെ ഈ ചികിത്സ പൂർത്തിയാക്കണമെന്ന നിർദേശം ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുത്ത ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെ എം. പി അഭിനന്ദിച്ചു.
18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ മുഹമ്മദിെൻറ ചികിത്സക്കായി മലാളികൾ നൽകിയത് 46.78 കോടി രൂപയാണ്. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്ന് ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് നൽകുമെന്നും കമ്മിറ്റി അറിയിച്ചിരുന്നു.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി
കുഞ്ഞിന്റെ ഞരമ്പുകളെയും പേശികളെയും ആക്രമിക്കുന്ന അപൂര്‍വ ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഈ രോഗമുള്ളവരില്‍ ഇരിക്കുക, തല ഉയര്‍ത്തുക, പാല്‍ കുടിക്കുക, ശ്വസിക്കുക എന്നിവപോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍പോലും ബുദ്ധിമുട്ടേറിയതായിരിക്കും. ലോകമെമ്പാടുമുള്ള ശിശുമരണത്തിന്റെന്റെ പ്രധാന ജനിതക കാരണമാണ് എസ്എംഎ. ഈ രോഗം 10,000 ല്‍ ഒരു കുഞ്ഞിനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
'സോള്‍ജെന്‍സ്മ'
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റത്തവണ നടത്തുന്ന ജീന്‍ തെറാപ്പി ചികിത്സയുടെ മരുന്നാണ് സോള്‍ജെന്‍സ്മ. നൊവാര്‍ട്ടിസ് എന്ന സ്വിസ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയാണ് മരുന്ന് നിര്‍മിക്കുന്നത്. വലിയ വില കാരണം വിവാദത്തിലായ ജീവന്‍രക്ഷാ മരുന്നുകളിലൊന്നാണ് സോള്‍ജെന്‍സ്മ. 'വിനാശകരമായ രോഗം ബാധിച്ച കുടുംബങ്ങളുടെ ജീവിതത്തെ നാടകീയമായി പരിവര്‍ത്തനം ചെയ്യുന്നു' എന്നാണ് മരുന്നിനെകുറിച്ച് നൊവാര്‍ട്ടിസ് പറയുന്നത്. അതിനാലാണ് വില കൂടുതലെന്നും കമ്പനി പറയുന്നു. എസ്.എം.എക്ക് കാരണമായ എസ്.എം.എന്‍ 1 എന്ന ജീനിന് പകരം ഹ്യൂമന്‍ എസ്.എം.എന്‍ ജീനിനെ പുനഃസ്ഥാപിക്കുകയാണ് മരുന്ന് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.