നടിയെ ബലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്ത ശേഷം മുകേഷിനെ സ്വന്തം കാറിൽ വൈദ്യ പരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ഫോട്ടോ: ബൈജു കൊടുവള്ളി

ബലാത്സംഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചക്ക് ഒന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ നടപടിക്രമങ്ങൾക്കുശേഷം വിട്ടയക്കുകയായിരുന്നു.

രാവിലെ 10 ഓടെയാണ് മുകേഷ് കൊച്ചി മറൈൻ ഡ്രൈവിലെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയുടെ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. പ്രത്യേക അന്വേഷണസംഘം എ.ഐ.ജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ച ഹരജിയിലെ വാദങ്ങൾ ചോദ്യം ചെയ്യലിലും മുകേഷ് ആവർത്തിച്ചതായാണ് അറിയുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. എന്നാൽ, 14 വർഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്‍റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയിൽ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്‍റെ ഉൾപ്പെടെ രേഖകളും നടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

സംഭവം നടന്നത് 2010ലായിരിക്കെ പ്രതിയെ ജയിലിലാക്കി തെളിവുകളൊന്നും ശേഖരിക്കാനില്ലെന്ന് വിലയിരുത്തിയാണ് നേരത്തേ സെഷൻസ് കോടതി വ്യവസ്ഥകളോടെ മുകേഷിന് ജാമ്യം നൽകിയത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി സർക്കാറിനെ സമീപിച്ചെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. തുടർന്നാണ് മുകേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

എറണാകുളം ജനറൽ ആശുപത്രിയിൽ ലൈംഗികശേഷി പരിശോധനയടക്കം നടത്തിയ ശേഷമാണ് മുകേഷിനെ വിട്ടയച്ചത്. ചോദ്യം ചെയ്യലിന് കയറിയപ്പോഴും ശേഷം ഇറങ്ങിയപ്പോഴും മാധ്യമങ്ങൾ സമീപിച്ചെങ്കിലും നടൻ പ്രതികരിക്കാൻ തയാറായില്ല. ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.

Tags:    
News Summary - Mukesh arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.