കോഴിക്കോട്: മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും അദ്ദേഹം ഇടപെട്ട് പോക്സോ കേസിൽനിന്ന് ഒഴിവാക്കിയതായി ആരോപണം നേരിടുന്ന വ്യവസായിയും തമ്മിലെ അടുത്ത ബന്ധം തെളിയിക്കുന്ന രേഖ പുറത്ത്. കോടിക്കണക്കിന് രൂപയുടെ പണമിടപാട് സംബന്ധിച്ച് മുദ്രപത്രത്തിൽ തയാറാക്കിയ കരാറാണ് പുറത്തുവന്നത്.
പോക്സോ കേസിൽ ആരോപണം നേരിടുന്ന സജീവ കോൺഗ്രസ് പ്രവർത്തകൻ അബൂബക്കർ സിദ്ദീഖും ബിസിനസ് പങ്കാളിയായ യാക്കൂബും തമ്മിലുണ്ടായ സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചതിന്റെയും കോടിക്കണക്കിന് രൂപ കൈമാറുന്നതിന് ഇടനില നിന്നതിന്റെയും രേഖയാണ് പുറത്തുവന്നതും ചർച്ചയാവുന്നതും. 2015 ഫെബ്രുവരി 10നാണ് അബൂബക്കർ സിദ്ദീഖും യാക്കൂബും തമ്മിൽ പണമിടപാട് സംബന്ധിച്ച് കരാറുണ്ടാക്കിയത്. ഓരോ ഗഡുവായി തുക നൽകാനായിരുന്നു തീരുമാനം. ഈ കരാറിൽ ജോർജ് എം. തോമസിനൊപ്പം സി.പി.എം നേതാക്കളായ ടി. വിശ്വനാഥനും ഇ. രമേശ് ബാബുവും ആർബിട്രേറ്റർമാരാണ് എന്നാണ് പുറത്തുവന്ന രേഖയിലുള്ളത്.
സാക്ഷികളുടെ സ്ഥാനത്ത് ഈ മൂന്നാളുകളുടെ പേരുമുണ്ട്. 10 കോടിയോളം രൂപയുടെ കരാറാണ് ഇരുവരും തമ്മിലുണ്ടാക്കിയത് എന്നാണ് വിവരം. പുറത്തുവന്ന രേഖയിൽതന്നെ ആറാം ഗഡുവിലേക്ക് മൊത്തം 1.88 കോടിയിലേറെ രൂപ കിട്ടിയതായും ബാക്കി 41.51 ലക്ഷത്തിൽപരം രൂപ ലഭിക്കാനുണ്ടെന്നും പറയുന്നു. രേഖയിൽ യാക്കൂബ് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. മോൺസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരൻ കൂടിയാണ് യാക്കൂബ്. മോൺസൺ മാവുങ്കൽ കേസിൽ ഇരകൾ കബളിപ്പിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ സിദ്ദീഖ് ഖത്തറിൽ വാർത്തസമ്മേളനം നടത്തുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടിൽ ജോർജ് എം. തോമസ് ഇടനിലനിന്നതിന് പാരിതോഷികമായി 25 ലക്ഷം രൂപ മുക്കം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന് ലഭിച്ചുവെന്ന് നേരത്തേ പാർട്ടി കണ്ടെത്തിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് തിരുവമ്പാടി മുൻ എം.എൽ.എയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം. തോമസിനെ സി.പി.എം സസ്പെൻഡ് ചെയ്തത്. ജോർജ് എം. തോമസിനെതിരായ നടപടിയോടെ വിവാദമായ പോക്സോ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി കേസിലെ പ്രതിയും അതിജീവിതയുടെ മാതാവിന്റെ രണ്ടാം ഭർത്താവുമായ ആളുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പോക്സോ കേസിൽ പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതിന് പ്രതിഫലമായി ഡിവൈ.എസ്.പിക്ക് വയനാട്ടിൽ റിസോർട്ടും ഭൂമിയും നൽകിയെന്നും ഇരയുടെ മൊഴി മാറ്റിച്ചാൽ വീടും മാസം പതിനായിരം രൂപ വീതവും നൽകാമെന്നും യഥാർഥ പ്രതികൾ പറഞ്ഞെന്നുമായിരുന്നു ശബ്ദരേഖയിലുള്ളത്.
കോഴിക്കോട്: ഗുരുതര അച്ചടക്ക ലംഘനങ്ങളുടെ പേരിൽ മുൻ എം.എൽ.എ ജോർജ് എം. തോമസിനെതിരെ സി.പി.എം നടപടി സ്വീകരിച്ചെങ്കിലും അദ്ദേഹം മധ്യസ്ഥനായ വൻ സാമ്പത്തിക ഇടപാടിന്റെ രേഖയിൽ മറ്റു നേതാക്കളുടെയും പേരുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയിൽ ചർച്ചയാവുന്നു. പോക്സോ കേസിൽനിന്ന് ഒഴിവാക്കിയതായി ആരോപണം നേരിടുന്ന കോൺഗ്രസുകാരനായ വ്യവസായിയും ജോർജ് എം. തോമസും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഞായറാഴ്ച പുറത്തുവന്ന രേഖയിൽ സി.പി.എം നേതാക്കളായ ടി. വിശ്വനാഥൻ, ഇ. രമേശ് ബാബു എന്നിവരുടെ പേരുകളുമുണ്ട്. ഇരുവരും നേരത്തേ പാർട്ടി ഏരിയ സെക്രട്ടറിമാരായി പ്രവർത്തിച്ചവരും വിശ്വനാഥൻ നിലവിൽ ജില്ല സെക്രട്ടേറിയറ്റ് അംഗവുമാണ്. ഇതോടെയാണ് പല ഇടപാടുകളിലും പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് പങ്കുള്ളതായി ആരോപണമുയർന്നത്.
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന് 25 ലക്ഷം രൂപയോളം നൽകിയ ആളെക്കുറിച്ച് പാർട്ടി നേതൃത്വത്തിലുള്ളവർക്ക് കൂടുതൽ അറിവുണ്ടായിരുന്നില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വ്യവസായിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ്, ജോർജ് എം. തോമസിനെതിരായ കടുത്ത നിലപാട് മയപ്പെടുത്തിയെന്ന ആക്ഷേപം മറുഭാഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.