മുല്ലപെരിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം

മുല്ലപെരിയാർ: കനത്ത മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ട് തുറന്നു. പുലർച്ചെ 2.30ഒാടെ ജലനിരപ്പ് 140 അടിയായി ഉയർന്നതോടെയാണ്  അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധിക ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത്. വൈദ്യുതി ഉൽപാദനത്തിനും മറ്റുമായി നിലവിൽ പരമാവധി അളവായ 2300 ക്യൂബിക് അടി വെള്ളം തമിഴ്നാട് എടുക്കുന്നുണ്ട്. ഇതിന് പുറമെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. 

13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണം ഒരടി വീതമാണ് താഴ്ത്തിയത്. ഇതിലൂടെ 4500 ക്യൂസെസ് വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. മുല്ലപെരിയാറിലെ സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളം വള്ളക്കടവ്, വണ്ടിപെരിയാർ ചപ്പാത്ത്, ഉപ്പുതറ വഴി 35 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജലസംഭരണിയിൽ എത്തിച്ചേരും. തുടർന്ന് ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബികടലിൽ വെള്ളം പതിക്കും.

ചൊവ്വാഴ്ച ജലനിരപ്പ് 138 അടി കടന്നതോടെ രണ്ടാംഘട്ട ജാഗ്രത നിർദേശമായ ഒാറഞ്ച്​ അലർട്ട്​ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. മുൻകരുതലായി ഇടുക്കി ജില്ലാ കലക്ടറിന്‍റെ നിർദേശ പ്രകാരം പെരിയാറിന്‍റെ തീരപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. 

ഒാറഞ്ച്​ അലർട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ജലനിരപ്പ് 139 അടിയായി ഉയർന്നാൽ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ​പെരിയാറിലേക്ക് ജലം ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന്​ തമിഴ്നാട് ദുരിതാശ്വാസ കമീഷണറും അറിയിച്ചു​. 

ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടില്‍ നിന്ന്​ വർധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമിറ്റിയും തീരുമാനിച്ചിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പെരിയാറി​​​​​​​​​​​​ന്‍റെ തീരത്ത് വസിക്കുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്​.

ആകെ 176 അടി ഉയരമുള്ള അണക്കെട്ടിൽ 142 അടിവരെ ജലം സംഭരിക്കുവാൻ തമിഴ്നാടിന് സുപ്രീംകോടതി 2014ൽ അനുമതി നൽകിയിരുന്നു. 2015 ഡിസംബറിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.9 അടിയിലെത്തിയിട്ടുണ്ട്. 

അതേസമയം, ജലനിരപ്പ് 2390.06 അടിയായ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു. സെക്കന്‍റിൽ ഏഴര ലക്ഷം ലിറ്ററായാണ് ഉയർത്തിയത്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണ ശേഷി 2403 അടിയാണ്. 

ഇടമലയാർ അണക്കെട്ടിന്‍റെ സംഭരണശേഷി പരമാവധി അളവായ 169 മീറ്റർ മറികടന്നു. നിലവിൽ വൈകീട്ട് ഒമ്പത് മണിയിലെ കണക്ക് പ്രകാരം 169.04 മീറ്ററാണ് ജലനിരപ്പ്. കൊല്ലം ജില്ലയിലെ തെൻമല അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈകീട്ട് ഏഴു മണിയോടെ മൂന്ന് ഷട്ടറുകളും 60 സെന്‍റീമീറ്ററിൽ നിന്ന് 75 സെന്‍റീമീറ്ററിലേക്ക് ഉയർത്തിയിരുന്നു. 

Tags:    
News Summary - Mullaperiyar dam 11 Spillway shutters Opened -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.