ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിധികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസയച്ച് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപവത്കരിച്ചോ എന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം വിശദമായ മറുപടി സത്യവാങ്മൂലം നല്‍കണം. മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ നല്‍കിയ ഹരജിയിലാണ് നടപടി.
നിയമം പ്രാബല്യത്തിൽവന്ന് 60 ദിവസത്തിനുള്ളിൽ സുരക്ഷാ സമിതി രൂപവത്കരിക്കുകയും ഓരോ മൂന്ന് വർഷം കൂടുമ്പോഴും സമിതി പുനഃസംഘടിപ്പിക്കുകയും ചെയ്യണം. എന്നാൽ, ഇത്തരം ഒരു സമിതി രൂപവത്കരിച്ചിട്ടില്ലെന്നും അതിന്റെ പ്രവർത്തനത്തിനായുള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡാം സുരക്ഷാ നിയമപ്രകാരം നിഷ്കർഷിച്ചിട്ടുള്ളതല്ല നിലവിൽ കേന്ദ്ര സർക്കാർ രൂപവത്കരിച്ച മേൽനോട്ട സമിതി. കോടതിയുടെ മുൻവിധി കണക്കിലെടുത്താണ് സർക്കാർ മേൽനോട്ട സമിതി രൂപവത്കരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം.
അതേസമയം, 2021ൽ രൂപവത്കരിച്ച ഡാം സുരക്ഷാ നിയപ്രകാരം മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷക്കുവേണ്ടി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും നിയമം കടലാസിൽ മാത്രം ഒതുങ്ങിയെന്നും കേരളത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അണക്കെട്ട് സുരക്ഷിതമെന്ന 2006ലെയും 2014ലെയും വിധികള്‍ റദ്ദാക്കണമെന്നും ജലനിരപ്പ് 120 അടിയായി കുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കോടതിയെ സമീപിച്ചത്.
കേരളത്തിന്റെ ആശങ്കകൾ പരിഗണിച്ച് മുല്ലപ്പെരിയാറിൽ സമഗ്ര പരിശോധന നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി മതിയെന്നും സുരക്ഷാ പരിശോധന ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്റെ വാദം. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.