തിരുവനന്തപുരം: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്നാവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്തയച്ചു. 136 അടി എത്തുന്ന ഘട്ടത്തിൽ ജലം ടണൽ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പുറത്തേക്ക് ഒഴുക്കിവിടാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കാണിച്ച് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാണ് തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് കത്തയച്ചത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതേതുടർന്ന് മുല്ലപ്പെരിയാർ സംഭരണിയുടെ ക്യാച്മെന്‍റ് ഏരിയയിൽ ജലനിരപ്പ് വളരെ വേഗത്തിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴിന് ഉച്ചക്ക് രണ്ടോടെ 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ സംഭരിണിയിലേക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സുമാണ്.
24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4, 157.2 മി.മീ മഴയാണ്. ഈ സമയത്തിനുള്ളിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത. കട്ടപ്പന എം.ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ നൽകിയ വിവരപ്രകാരം തമിഴ്നാടിന്‍റെ ഭാഗമായ പെരിയാർ ഡാമിന്‍റെ സർപ്ളസ് ഷട്ടറുകൾ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. 2018ൽ 23000 ക്യുസക്സ് ജലം പുറന്തള്ളിയപ്പോൾ നാശനഷ്ടമുണ്ടായിരുന്നു.
ചാലക്കുടി ബേസിനിൽ വെള്ളത്തിന്‍റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നു. അതിനാൽ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടണം. വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യുകയും വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.