തിരുവനന്തപുരം: തമിഴ്നാടിലെ വൈഗയിലേക്ക് കൂടുതൽ വെള്ളം കൊണ്ടുേപാകാൻ കഴിയുമെന്നിരിക്കെ, തമിഴ്നാടിെൻറ നീക്കം മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കൽ. കേരളം നേരിടുന്ന കടുത്ത പ്രളയം കണക്കിലെടുത്ത് കഴിഞ്ഞദിവസം വരെ കൂടുതൽ വെള്ളം കൊണ്ടുപോയി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാതിരിക്കാൻ ശ്രദ്ധിച്ച തമിഴ്നാട് പെെട്ടന്ന് നിലപാട് മാറ്റിയതിന് പിന്നിൽ അവിടത്തെ രാഷ്ട്രീയതാൽപര്യങ്ങളാണത്രെ. ജലനിരപ്പ് 142 വരെ നിലനിർത്തുമെന്നും അണക്കെട്ട് സുരക്ഷിതമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി കേരള മുഖ്യമന്ത്രിയെ അറിയിച്ചതും ഇതിെൻറ ഭാഗമാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്നാട് അതിർത്തിയിലെ നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വൈഗ അണക്കെട്ടിൽ എത്തിച്ചാണ് ജലസേചനത്തിന് തിരിച്ചുവിടുന്നത്. 71 അടിയാണ് വൈഗയുടെ പരമാവധി ജലനിരപ്പ്. ഇപ്പോൾ 62.27 അടിയാണ് ഇവിടെ വെള്ളമുള്ളത്. കേരളം കടുത്ത പ്രളയം നേരിടുന്ന സാഹചര്യത്തിൽ വൈഗയിലേക്ക് വെള്ളം കൊണ്ടുപോകാൻ കഴിയും. കുമിളി മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം ഇടുക്കിയിലേക്കാണ് എത്തുക.
കഴിഞ്ഞ ദിവസംവരെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനെക്കാൾ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നു. എന്നാൽ, ചെറുതോണിയിലെ ഷട്ടറുകൾ തുറന്നുവിട്ട് ഇടുക്കിയിലെ ജലനിരപ്പ് കുറച്ചുവന്നതിന് പിന്നാലെയാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിലപാട് മാറ്റിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ സുപ്രീംകോടതി അനുമതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിെൻറ നടപടി. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയാക്കണമെന്നുമാണ് അവരുടെ വാദം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഇ-മെയിൽ അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജലനിരപ്പ് 142 അടിയിൽ നിലനിർത്താൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ടെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. മുല്ലപ്പെരിയാർ അണെക്കട്ട് സുരക്ഷിതമാണെന്ന് 2014 മേയ് ഏഴിനുള്ള വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുെണ്ടന്നാണ് തമിഴ്നാടിെൻറ വാദം. അണക്കെട്ട് ഭീഷണി ഉയർത്തുന്നില്ലെന്നും അവർ ആവർത്തിക്കുന്നു.
അതേസമയം മുല്ലപ്പെരിയാർ അടക്കം അന്തർസംസ്ഥാന അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ കേന്ദ്ര ജല കമീഷൻ ചീഫ് എൻജിനീയർ അധ്യക്ഷനായി സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ പരമാവധി ജലനിരപ്പ് ആകുന്നതുവരെ വെള്ളം തുറന്നുവിടുന്നത് നിയന്ത്രിച്ച സാഹചര്യത്തിൽ സംസ്ഥാനം ഇൗ വിഷയം ഗൗരവമായി ഉന്നയിക്കുകയായിരുന്നു. ജല കമീഷൻ ചീഫ് എൻജിനീയർക്ക് പുറമെ കേരളത്തിെൻറയും തമിഴ്നാടിെൻറയും ഉദ്യോഗസ്ഥർ സമിതിയിലുണ്ടാകും.
ജലനിരപ്പ് പരിശോധിച്ച് തീരുമാനം എടുക്കുന്നതിൽ ഏകോപനമുണ്ടാക്കുകയാണ് ലക്ഷ്യം. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറി ടോം ജോസും തമ്മിൽ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലും ഇൗ വിഷയം ഉന്നയിച്ചിരുന്നു. 14ന് അർധരാത്രി മുതലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടത്. തുടർന്ന് ഇടുക്കി വീണ്ടും തുറക്കേണ്ടിവന്നു. ഇതോടെയാണ് പെരിയാർ തീരങ്ങളിൽ വീണ്ടും വെള്ളം ഉയർന്നത്. പുറമെ മഴയും ശക്തമായയോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.