കൊച്ചി/തൃശൂർ: ബോട്ടില്‍ കപ്പലിടിച്ച് ചേറ്റുവ തീരത്ത് കാണാതായ ഒമ്പതുപേർക്കായി ബുധനാഴ്ച പകല്‍ നാവിക, തീരസംരക്ഷണ സേനകളും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിൽ വിഫലം. ബോട്ട് ഇടിച്ചുതകർത്തശേഷം നിർത്താതെപോയ കപ്പലിനായുള്ള അന്വേഷണം സജീവമാണ്.
മർക്കൈൻറൽ ഡിപ്പാർട്ട്മെൻറാണ് കൊലയാളി കപ്പലിനായി അന്വേഷണം നടത്തുന്നത്. കടലിൽ മൃതദേഹങ്ങളോ മറ്റോ ശ്രദ്ധയിൽ പെട്ടാൽ ജില്ല ഫിഷറീസ് ഒാഫിസിലോ കോസ്റ്റൽ പൊലീസിലോ അറിയിക്കണമെന്ന് ബോട്ടുടമകൾക്ക് ഫിഷറീസ് വകുപ്പ് നിർദേശം നൽകി. മുങ്ങിയ ബോട്ടിലും വലയിലുമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ഫിഷറീസ് വകുപ്പ് നാവികസേന മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
മലയാളി ഉൾപ്പെടെ ഒമ്പതുപേരെയാണ് കണ്ടെത്താനുള്ളത്. ചൊവ്വാഴ്ച പുലർച്ച 3.30ഓടെ കൊച്ചിതീരത്തു നിന്ന് 24 നോട്ടിക്കൽ മൈൽ (44കി.മീ) അകലെ ചേറ്റുവ പുറംകടലിൽ ഓഷ്യാനിക് എന്ന ബോട്ടിൽ കപ്പലിടിച്ചാണ് അപകടമുണ്ടായത്. പുലർച്ച മൂന്നിനും നാലിനുമിടയിൽ ഇതുവഴി കടന്നുപോയ നാലു കപ്പലുകളെ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലായ എം.വി ദേശ് ശക്തിയാണ് ആദ്യം മുതൽ സംശയനിഴലിലുള്ളത്.
മറ്റു മൂന്നു കപ്പലുകളോട് മുംബൈ തീരത്തടുക്കാൻ മർക്കൈൻറൽ ഡിപ്പാർട്ട്മെൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.