മലപ്പുറം: സി.ഐ.സി.യു വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരുകൂടി ചേർത്ത് തീർത്തും തെറ്റിദ്ധാരണാജനകമായ വാർത്തകൾ വരുന്നത് മാനസികമായി പ്രയാസമുണ്ടാക്കുന്നതായി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളാഞ്ചേരി മർകസിൽ വാഫി, വഫിയ്യ കോഴ്സുകൾ നിർത്തലാക്കി തീരുമാനം വന്നിരുന്നു. അതിനിടക്ക് അവിടെ കേസും അനുബന്ധ പ്രശ്നങ്ങളും ഉണ്ടായപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഠനം പൂർത്തീകരിക്കാൻ അനുമതി നൽകി മർകസ് കമ്മിറ്റി തീരുമാനമെടുത്തു. വാഫി, വഫിയ്യ സമസ്ത വിരുദ്ധമാണ്, കോഴ്സ് തുടരാൻ പാടില്ല എന്നാവശ്യപ്പെട്ടും ആളുകൾ സമീപിച്ചു. ആ ഘട്ടത്തിൽ വിഷയം പഠിക്കാനും എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും സമിതി രൂപവത്കരിച്ചു. ആ സമിതി കണ്ടെത്തിയ കാര്യങ്ങൾ അറിയിക്കാൻ സമിതിയുമായി ബന്ധപ്പെട്ടവർ തന്റെയടുത്തും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അടുത്തും വന്നിരുന്നു.
അവർ വന്നുസംസാരിച്ചു പോയി എന്നതല്ലാതെ അവിടെ യോഗം കൂടുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുവെന്നത് തീർത്തും നിർഭാഗ്യകരമാണെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.