മൂന്നാർ: മൂന്നാറിലെ മലയിടിഞ്ഞ മേഖലകൾ അമേരിക്കൻ ഗവേഷകസംഘം പരിശോധിച്ചു. യു.എസ് സയന്‍സ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ വിദഗ്ധരടങ്ങുന്ന സംഘമാണ് മൂന്നാറിലെത്തിയത്. മിഷിഗൻ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും ജിയോളജിക്കല്‍ എൻജിനീയറുമായ ഡോ. തോമസ് ഉമ്മന്‍, റിച്ചാർഡ് കോഫ്മാൻ (അര്‍ക്കന്‍സാസ് യൂനിവേഴ്സിറ്റി, യു.എസ്) എന്നിവരടങ്ങുന്ന സംഘമാണ് പഠനത്തിന് എത്തിയത്.
അതിഭീകരമായി മലയിടിഞ്ഞ മൂന്നാര്‍ ഗവ. കോളജിലാണ് സംഘം ആദ്യമെത്തിയത്. ആദ്യഘട്ടമെന്ന രീതിയില്‍ മൂന്നാറിെൻറ ഉപഗ്രഹചിത്രങ്ങള്‍ എടുത്തിരുന്നു. തുടര്‍ച്ചയായി ഇപ്പോള്‍ മണ്ണ് ശേഖരിക്കുകയാണ്. ലാബില്‍ പരിശോധനക്കെത്തിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാഷനല്‍ സയന്‍സ് ഫൗണ്ടേഷന് പുറമെ ഇടുക്കി കലക്ടർക്കും റിപ്പോര്‍ട്ട് കൈമാറും. 400 കുട്ടികള്‍ പഠിക്കുന്ന മൂന്നാര്‍ ഗവ. കോളജ് നിലനില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തും. 2005ല്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്.
2016ല്‍ മൂന്നാറിലെത്തിയ ജിയോളജിക്കല്‍ സംഘവും ഈ മേഖല അപകടസാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. മണ്ണിെൻറ ഇളക്കമുള്ള ഘടനയും ഭൂമിക്കടിയിലെ ഉറവയും അശാസ്ത്രീയ നിർമാണങ്ങളുമാണ് മൂന്നാർ മേഖലയിലെ മലയിടിച്ചിലിന് കാരണമെന്നാണ് സംഘത്തിെൻറ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പൈനാവ്, ചെറുതോണി, നിര്‍മല സിറ്റി, വാഴവര, നെടുങ്കണ്ടം, മാവടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളും സന്ദർശിച്ചശേഷമാണ് ഇവർ മൂന്നാറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.