വടകര: വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി പട്ടികയിൽനിന്ന് കെ. മുരളീധരനെ അപ്രതീക്ഷിതമായി ഒഴിവാക്കിയത് തിരിച്ചടിയായത് അദ്ദേഹത്തിനുവേണ്ടി ചുമരെഴുതി പോസ്റ്ററൊട്ടിച്ച് വിയർപ്പൊഴുക്കിയ പ്രവർത്തകർക്ക്. നേരത്തേ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് പ്രവർത്തകർ ബോർഡുകളും ചുമരെഴുത്തുകളും സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
വടകര ജില്ല ആശുപത്രി പരിസരം, മേപ്പയിൽ ക്ഷേത്ര പരിസരം ഉൾപ്പെടെ ഗ്രാമീണ മേഖലകളിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. മേപ്പയിൽ ഓവുപാലം റോഡിൽ മതിലിൽ വലിയ രൂപത്തിൽ വോട്ടഭ്യർഥിച്ച് ചുമരെഴുത്ത് നടത്തിയിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ബൂത്ത് കമ്മിറ്റികൾക്ക് പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പൂർണമായി നൽകിയിരുന്നു. ബൂത്ത് പ്രസിഡന്റുമാർ, ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്കുള്ള പരിശീലനവും പൂർത്തിയായി. വടകര ദേശീയപാതയോടു ചേർന്നുള്ള വീട് കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായിരുന്നു.
അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പ്രചാരണ സാമഗ്രികൾ ഒരുക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. പ്രചാരണത്തിന് സ്ഥാനാർഥിയുടെ ബഹുവർണ പോസ്റ്ററുകൾ വെള്ളിയാഴ്ച രാവിലെയും എത്തിയിരുന്നു. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ മാസങ്ങൾക്ക് മുമ്പേതന്നെ കെ. മുരളീധരൻ എം.പിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു സ്ഥാനാർഥിയുടെ വരവ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറുടെ പ്രചാരണം കൊഴുക്കുമ്പോഴും യു.ഡി.എഫിന് സ്ഥാനാർഥിപ്രഖ്യാപനമെന്ന കടമ്പ മാത്രമേ പരസ്യ പ്രചാരണത്തിനിറങ്ങാൻ പ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. സ്ഥാനാർഥിമാറ്റത്തിലുണ്ടായ നിരാശക്ക് പുറമെ ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥയാണ് യു.ഡി.എഫിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.