കൊച്ചി: ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരി നോറ മരിയയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ സജീവിനെയും പൊലീസ് പിടികൂടി. അമ്മൂമ്മ സിപ്സി(50) അറസ്റ്റിലായതിനു പിന്നാലെയാണ് അച്ഛനും അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തു നിന്നും അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്ത് വീട്ടിൽ സിപ്സി പിടിയിലായത്, വൈകീട്ടോടെ മകനും അറസ്റ്റിലാവുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപ്സിയുടെ സുഹൃത്ത് ജോൺ ബിനോയ് ഡിക്രൂസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സിപ്സിക്കെതിരേ കേസെടുത്തത്. അങ്കമാലി പാറക്കടവ് കോടുശ്ശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയമകൾ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അർധരാത്രിയാണ് സിപ്സിയുടെ സുഹൃത്ത് ജോൺ ബിനോയ് ഡിക്രൂസ് കലൂരിലെ ഹോട്ടൽമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തന്റെ മക്കളെ സിപ്സി മറയാക്കിയിരുന്നുവെന്ന് ഡിക്സി ആരോപിക്കുന്നുണ്ട്. ഇതും അന്വേഷിക്കുന്നുണ്ട്.
സിപ്സിക്കെതിരെ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെയുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പ്രധാനിയാണ് സിപ്സി. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുണ്ട്. 2021 ജനുവരിയിൽ അങ്കമാലിയിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി വസ്ത്രങ്ങൾ വലിച്ചുകീറി മർദിച്ച കേസിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് കൊച്ചിയിലെ വനിത പൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച് പുറത്തുകടക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.