രാമക്ഷേത്രം പ്രതിഷ്ഠ ചടങ്ങ്: ബി.ജെ.പി മുതലെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം -മുസ്‌ലിം ലീഗ്

മലപ്പുറം: വിശ്വാസത്തിനോ ആരാധനാ സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര വിഷയത്തിൽ കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്ന പേരിൽ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുപ്പ് ആണ് നടത്തുന്നത്. ഇത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് സംഘ് പരിവാർ നടത്തുന്നത്. രാമ ക്ഷേത്ര ഉദ്ഘാടനം നരേന്ദ്ര മോദിയും കൂട്ടരും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്, രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. അതനുസരിച്ച് നിലപാട് എടുക്കണം. തീരുമാനം എടുക്കാനുള്ള ആളുകൾ കോണ്ഗ്രസിനുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ്‌ നിലപാടിനെപ്പറ്റി അഭിപ്രായം പറയാനില്ല. അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പാർട്ടികളും തീരുമാനം എടുത്ത ശേഷം ആവശ്യമെങ്കിൽ പറയാമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഓരോ വിഭാഗത്തിനും അവരുടെ ആരാധനാലയങ്ങൾ സുപ്രധാനമാണ്, പുണ്യമാണ്. ആ നിലക്ക് ലീഗ് വിശ്വാസികൾക്ക് ഒപ്പമാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

നേതാക്കൾ പങ്കെടുക്കുമോ എന്ന് ആലോചിച്ച് പറയും -കെ.സി. വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തിപരമായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ച് പറയുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് ആരെങ്കിലും പറഞ്ഞാൽ പറയുന്ന പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Muslim League comment about ayodhya ram temple invitation for parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.