പാണക്കാട് തങ്ങൾക്കെതിരെ അവഹേളനപ്രസംഗം: സമസ്തയുടെ നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി; അമർഷം തെരുവിലേക്ക്

മലപ്പുറം: ഉമർഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ അവഹേളന പ്രസംഗത്തിനെതിരെ സമസ്തയുടെ പ്രതികരണത്തിൽ മുസ്‍ലിംലീഗിന് കടുത്ത അതൃപ്തി. ഉമർഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം നേതൃത്വം നടത്തിയ പ്രസ്താവന വിഷയത്തിന്റെ ഗൗരവം ഉൾകൊള്ളുന്നതല്ലെന്ന നിലപാടിലാണ് ലീഗ്.

അത്ര നിസ്സാരമായൊരു പ്രസ്താവനയിൽ ഒതുക്കാവുന്നതല്ല ഉമർഫൈസിയുടെ പ്രസ്താവനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നു പറയുന്നു. അത്തരമൊരു ബന്ധമല്ല സമസ്തയും ലീഗും തമ്മിലുള്ളത്. വിഷയത്തെ ലീഗ് ഗൗരവത്തിലെടുത്തിട്ടുണ്ട്. നേതൃത്വം സമസ്തയെ അമർഷം അറിയിച്ചിട്ടുമുണ്ട്.

സമസ്ത-ലീഗ് തർക്കം തെരുവിലേക്ക് എത്തുന്നതിന്റെ സൂചനയായി എടവണ്ണപ്പാറയിൽ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. സമസ്ത മുസ്‍ലിം ലീഗിനെ സംബന്ധിച്ച് അത്യന്തം പ്രകോപനപരമായ പ്രസംഗമാണ് സമസ്ത മുശാവറ അംഗവും ജോയിന്റ് സെക്രട്ടറിയുമായ ഉമർഫൈസി കഴിഞ്ഞ ഞായറാഴ്ച എടവണ്ണപ്പാറയിൽ നടത്തിയത്. മഹല്ലുകളുടെ ഖാദിയാവാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയും വിവരവുമില്ലെന്നും സമസ്തയെ വെല്ലുവിളിക്കുന്ന സമീപനമാണ് മഹല്ലുകളിൽ നടക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ കുടുതൽ തുറന്നു പറയുമെന്നും ഉമർഫൈസി പ്രസ്താവന നടത്തിയിരുന്നു. മോശമായ ഭാഷയിലായിരുന്നു സാദിഖലി തങ്ങൾക്കെതിരെ സമസ്ത പണ്ഡിതസഭാംഗത്തിന്റെ വാക്കുകൾ. പ്രസംഗത്തിൽ മുസ്‍ലിം ലീഗിന് താക്കീതും നൽകിയിരുന്നു.

സാദിഖലി തങ്ങൾ ചെയർമാനും അബ്ദുൽ ഹഖീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയുമായ കോ-ഓർഡിനേഷൻ ഓഫ് സഇസ്‍ലാമിക് കോളജസ്(സി.ഐ.സി) വിഷയത്തിൽ സമസ്തക്കിടയിലെ ഭിന്നത പരിഹരിക്കാൻ ഐക്യചർച്ചകൾ നടക്കുന്നതിനിടെയാണ് ഉമർഫൈസി വിവാദ പ്രസ്താവന നടത്തിയത്. ഇത് ഐക്യശ്രമങ്ങളെ തകർക്കാനുള്ള നീക്കമായി വിലയിരുത്തപ്പെട്ടതിനേക്കാൾ ലീഗ് ഗൗരവത്തിലെടുത്തത് പാണക്കാട് തങ്ങൾക്കെതിരായി നടത്തിയ അവഹേളന പ്രസംഗമെന്ന നിലയിലാണ്. സമസ്ത ഉമർഫൈസിക്കെതിരെ നടപടി എടുക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ലീഗ്-സമസ്ത ബന്ധം വഷളാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സമസ്ത-ലീഗ് ബന്ധം തകർക്കുക എന്ന സി.പി.എമ്മിന്റെ ആഗ്രഹത്തിന് വളമേകുന്നതായിരുന്നു ഉമർ ഫൈസിയുടെ പ്രസംഗം. സമസ്തയിലെ ലീഗ്‍വിരുദ്ധരെ പരമാവധി പ്രോൽസാഹിപ്പിക്കാൻ സി.പി.എം എക്കാലത്തും ശ്രമിക്കാറുണ്ട്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ലീഗ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ ഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർഥി ജയിച്ചത് സമസ്തയിലെ ലീഗ് വിരുദ്ധർക്ക് വലിയ ക്ഷീണമായി. അതിന് ശേഷം കുറച്ചുകാലം ലീഗ് -സമസ്ത ബന്ധത്തിനിടയിൽ അപശബ്ദങ്ങൾ നിലച്ചു. മറ്റൊരു തെരഞ്ഞെടുപ്പ് വേളയിലാണ് വീണ്ടും ഉമർഫൈസിയുടെ ഭാഗത്ത് നിന്ന് വെടി പൊട്ടിയത്.

Tags:    
News Summary - Muslim League is deeply dis satisfied with Samastha's stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.