കോഴിക്കോട്: തരംതാഴ്ന്ന വാചാടോപങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളുടെമേൽ കുതിര കയറാനും വ്യക്തിഹത്യ നടത്താനും തുനിഞ്ഞിറങ്ങിയ ജന. സെക്രട്ടറി പി.എം.എ. സലാമിന് കടിഞ്ഞാണിടാൻ നേതൃത്വം തയാറാവുന്നില്ലെങ്കിൽ മുസ്‍ലിം ലീഗ് ഖേദിക്കേണ്ടിവരുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
തട്ടം വിവാദവേളയിൽ ഒരു കാരണവുമില്ലാതെ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പരിഹാസം ചൊരിഞ്ഞ സലാം, ഉത്തരവാദപ്പെട്ട മറ്റു സമസ്ത പണ്ഡിതന്മാർക്ക് എതിരെയാണ് ഇപ്പോൾ ആക്രോശങ്ങൾ നടത്തുന്നത്. സഖാക്കളിൽനിന്ന് നക്കാപ്പിച്ച വാങ്ങിയവരെന്നാണ് പണ്ഡിതന്മാരെ സലാം വിശേഷിപ്പിച്ചിരിക്കുന്നത്. സഖാക്കളിൽനിന്ന് രണ്ട് പതിറ്റാണ്ടുകാലം നക്കാപ്പിച്ച കൈക്കലാക്കിയത് ആരാണെന്ന് തന്‍റെ ഭൂതകാലത്തിലേക്ക് സ്വയം തിരിഞ്ഞുനോക്കിയാൽ സലാമിന് മനസ്സിലാവും.
ഇനി കൂടുതലൊന്നും കിട്ടാനില്ലെന്ന് കണ്ടപ്പോഴാണ് തന്നെ വളർത്തി എം.എൽ.എയാക്കിയ പാർട്ടിയെ വഞ്ചിച്ച് മുസ്‍ലിം ലീഗ് കൂടാരത്തിലേക്ക് ഒളിച്ചുകടന്നത്. ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ കളിക്കുന്നുവെന്നാണ് സലാമിന്‍റെ പ്രസ്താവന. പാണ്ഡിത്യവും നേതൃശേഷിയും വേണ്ടുവോളമുള്ള ജിഫ്രിതങ്ങളെ മറയാക്കി ഒരാൾക്കും രാഷ്ട്രീയം കളിക്കാൻ കഴിയില്ലെന്ന് അധികം വൈകാതെ സലാമിന് മനസ്സിലാകുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.