കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം തിരിച്ചുവരവിെൻറ ആവേശം വിതറി മുസ്ലിം ലീഗിെൻറ വഖഫ് സംരക്ഷണ റാലി. ചുരുങ്ങിയ ദിവസങ്ങളിലെ തയാറെടുപ്പിൽ ജനലക്ഷങ്ങളെ അണിനിരത്തി മഹാറാലി സംഘടിപ്പിക്കാനായത് പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജമാകും.
കോവിഡ് കാല നിയന്ത്രണങ്ങൾക്കുശേഷം ഇത്രയും വലിയ ജനസഞ്ചയത്തെ അണിനിരത്തിയ ആദ്യ പരിപാടിയെന്ന പ്രത്യേകതയും റാലിക്കുണ്ട്. തെരഞ്ഞെടുപ്പിനുശേഷം വിവിധ ജില്ലകളിൽ ആഭ്യന്തര പ്രശ്നങ്ങളിൽ ഉഴലുകയായിരുന്ന പാർട്ടിക്ക് വീണുകിട്ടിയ ആയുധമായി വഖഫ് പ്രശ്നം. ജില്ലകളിലെ സംഘടന ശൈഥില്യം പരിഹരിക്കാൻ നേതാക്കളുടെ പര്യടനം നടക്കുന്നതിനിടെയാണ് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ടതുസംബന്ധിച്ച് വിവാദമുണ്ടാകുന്നത്.
പാർട്ടി ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങൾ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുകയും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചതാണ് ലീഗ് നേതൃത്വത്തിന് പൊടുന്നനെ റാലി സംഘടിപ്പിക്കാൻ പ്രേരണയായത്. വഖഫ് വിവാദത്തിൽ സാമുദായിക വികാരം ശക്തമായതിനാൽ പ്രവർത്തകർ സടകുടഞ്ഞെഴുന്നേറ്റതാണ് റാലി വൻ വിജയമാകാൻ കാരണമായത്. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിനുമേൽ വർഗീയ അജണ്ട ആരോപിച്ച് സി.പി.എമ്മും കെ.ടി. ജലീലും രംഗത്തുവന്നതും പ്രവർത്തകരുടെ ആവേശത്തിന് ആക്കംകൂട്ടി.
പാണക്കാട് തങ്ങൾ കുടുംബത്തിലെ ഇളം തലമുറയിൽനിന്ന് മുനവ്വറലി തങ്ങളുടെ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുഴുവൻപേരെയും വേദിയിൽ അണിനിരത്തി 'സമസ്ത'ക്ക് അടികൊടുക്കാനും പാർട്ടിക്കായി. ഹൈദരലി തങ്ങൾ വിശ്രമത്തിലായതിനാൽ പങ്കെടുത്തില്ല.
സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ മുസ്ലിം സമുദായത്തിനെതിരായ സർക്കാർ നീക്കത്തെ നിശിതമായി വിമർശിച്ചു. സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് ആലോചിച്ച് ക്ലിഫ് ഹൗസിൽ ആരും പനിച്ചുകിടക്കേണ്ട എന്ന അദ്ദേഹത്തിെൻറ പരാമർശം മുഖ്യമന്ത്രിക്കുള്ള താക്കീതായിരുന്നു.
അതേസമയം, സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും പരാമർശിക്കാതെ അതീവ സൂക്ഷ്മതയോടെയായിരുന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ പള്ളിയിലെ ബോധവത്കരണ പരിപാടി ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി തന്നോട് പറഞ്ഞതായി ജിഫ്രി തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.