മലപ്പുറം: മുസ്ലിം ലീഗ് കോട്ടകൾ ഭദ്രമാണെന്ന് വീണ്ടും തെളിയിച്ചാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മലപ്പുറത്ത് പാർട്ടി അടിത്തറക്ക് ഒരുകോട്ടവും തട്ടിയില്ല. 16 നിയമസഭ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ 13ഉം ലീഗിനൊപ്പം നിന്നു. ഇതിൽ മലപ്പുറം, മഞ്ചേരി, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിൽ മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫിനാണ്. 12 നിയമസഭ മണ്ഡലങ്ങളിലാണ് നിലവിൽ യു.ഡി.എഫ് എം.എൽ.എമാരുള്ളത്. ജില്ല പഞ്ചായത്തിലും ബ്ലോക്കിലും നഗരസഭയിലും ഭൂരിപക്ഷം ഇത്തവണയും ലഭിച്ചു.
എന്നാൽ, നിലമ്പൂർ നഗരസഭയിൽ ലീഗിന് ഒരു സീറ്റ് പോലും ലഭിക്കാത്തതത് തിരിച്ചടിയാണ്. എന്നാൽ, കോൺഗ്രസിലെ വിഭാഗീയതയാണ് പരാജയ കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായ തിരൂർ നഗരസഭ ലീഗ് തിരിച്ചുപിടിച്ചു. ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി നൽകാനും ലീഗിനായി. 94ൽ 66ലും യു.ഡി.എഫ് ഭൂരിപക്ഷം നേടി. അഞ്ച് ഇടത് പഞ്ചായത്തുകളിൽ ഒപ്പമെത്തി. കുഴിമണ്ണ, തുവ്വൂർ പഞ്ചായത്തുകളിലും വേങ്ങര, മലപ്പുറം ബ്ലോക്കുകളിലും മുഴുവൻ സീറ്റുകളും തൂത്തുവാരി.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കഴിഞ്ഞ തവണ നറുക്കെടുപ്പിെൻറ ബലത്തിലാണ് ഭരിച്ചതെങ്കിൽ ഇത്തവണ ഭൂരിപക്ഷം കിട്ടി. കാസർകോട് നഗരസഭയിലും സീറ്റ് കൂടി. എന്നാൽ, ജില്ല പഞ്ചായത്തിൽ സീറ്റ് കുറഞ്ഞു. വയനാട്ടിൽ നേരിയ തിരിച്ചടിയേറ്റെങ്കിലും കോഴിക്കോട്ട് നില മെച്ചപ്പെടുത്താനായി. എറണാകുളം കോർപറേഷനിൽ രണ്ട് സിറ്റിങ് സീറ്റിൽ ഒന്ന് നഷ്ടമായി. മറ്റൊന്നിൽ ലീഗ് വിമതൻ ജയിച്ചു. ഇവിടെ ലീഗ് വെൽെഫയർ പാർട്ടിക്ക് നൽകിയ സീറ്റിലും വെൽെഫയർ സ്ഥാനാർഥിയാണ് ജയിച്ചത്. ആലപ്പുഴ നഗരസഭയിൽ മൂന്ന് സീറ്റുണ്ടായിരുന്നത് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.