മുസ്‍ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന് മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ. ആദ്യം അടവുനയമായും പിന്നീട് രഹസ്യധാരണകളായും സഹകരിച്ച ശേഷമായിരിക്കും പരസ്യസഖ്യമുണ്ടാകുക. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീൽ വ്യക്തമാക്കി.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ.ടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. ''ഇടതുപക്ഷത്തിന് മുസ്‌ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കിൽ 1967ൽ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയാറാകുമായിരുന്നില്ല. ലീഗ് ഒരു സമുദായ പാർട്ടിയാണെന്ന സമീപനം ഇടതുപക്ഷ പാർട്ടികൾക്കുണ്ട്. ആ സമീപനം ഒരളവോളം ശരിയുമാണ്. മുസ്‌ലിം ജനസാമാന്യത്തിന്റെ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ലീഗ് നിലനിൽക്കുന്നത്''-ജലീൽ ചൂണ്ടിക്കാട്ടി.
സാമുദായിക രാഷ്ട്രീയവും വർഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താൽപര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാർട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലക്കാണ് മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള മുസ്‌ലിം ലീഗിനെ ഇടതുപക്ഷത്തിന് സഖ്യത്തിൽ ഉൾപ്പെടുത്തേണ്ടി വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയിൽ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് അതു നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കുമെന്നും ജലീൽ പറഞ്ഞു. ഇരുചേരികളും ലീഗ് ഇടതുപക്ഷത്ത് ചേരുന്നത് ആഗ്രഹിക്കാത്ത, അതിനു താൽപര്യമില്ലാത്ത ആളുകളുണ്ട്. അവർക്കുകൂടി ബോധ്യമാകുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് അധികം വൈകാതെത്തന്നെ ഇന്ത്യയിൽ രൂപപ്പെട്ടുവരും. അപ്പോൾ ബി.ജെ.പി വിരുദ്ധരായ ആളുകൾക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിവരും. കേരളത്തിൽ ഇടതുപക്ഷവുമായി മതേതര മനസ്സുള്ളവർക്കു മുഴുവൻ സഹകരിക്കേണ്ടിവരും.
കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ശാശ്വതമായി ശത്രുതയുമായി മുന്നോട്ടുപോകുന്നതിലെ പ്രയാസം എന്റെ പല അഭ്യുദയകാംക്ഷികളും ചൂണ്ടിക്കാണിച്ചു. കാര്യങ്ങൾ വ്യക്തിപരമാകേണ്ടെന്നും എന്നാൽ, അഴിമതി ചെയ്തവരോട് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ്, വ്യക്തിപരമായ അറ്റാക്ക് വേണ്ട എന്നു തീരുമാനിച്ചത്. വ്യക്തിപരമായി എന്നെ ആക്രമിച്ചതുകൊണ്ടാണ് വ്യക്തിപരമായി ഞാനും പ്രത്യാക്രമണത്തിന് ഇറങ്ങിയതെന്നും ജലീൽ അഭിമുഖത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.