മലപ്പുറം: പ്രതീക്ഷിച്ചതെന്നല്ല, ഉറപ്പിച്ചതെന്നുതന്നെ പറയാം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനലബ്ധിയെ. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിലേക്ക് സാദിഖലി തങ്ങളല്ലാതെ മറ്റൊരാളെ മുസ്ലിം ലീഗ് നേതൃത്വത്തിനോ അണികൾക്കോ ചിന്തിക്കുകപോലും നിലവിലെ സാഹചര്യത്തിൽ അസാധ്യം. പാരമ്പര്യവും കീഴ്വഴക്കങ്ങളും അങ്ങനെയാണ്. പാണക്കാട് കുടുംബത്തിലെ അടുത്ത ഏറ്റവും മുതിർന്ന അംഗമെന്ന നിലയിലും ഹൈദരലി തങ്ങൾ സംസ്ഥാന പ്രസിഡൻറായപ്പോൾ ഒഴിവുവന്ന സ്ഥാനങ്ങൾ വഹിച്ചയാളെന്ന നിലയിലും സാദിഖലി തങ്ങളെത്തന്നെ പ്രഖ്യാപിക്കാൻ ഒരുനിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ നിര്യാണത്തെത്തുടർന്ന് 1975ൽ മുഹമ്മദലി ശിഹാബ് തങ്ങളെയും ഇദ്ദേഹത്തിന്‍റെ വിയോഗശേഷം 2009ൽ ഹൈദരലി തങ്ങളെയും തെരഞ്ഞെടുത്തതിന് സമാനമായ തീരുമാനം തന്നെയുണ്ടായി.
തിങ്കളാഴ്ച രാവിലെ മുതൽ മുതിർന്ന ലീഗ് നേതാക്കൾ ഹൈദരലി തങ്ങളുടെ വീടായ ദാറുന്നഈമിലുണ്ടായിരുന്നു. പുലർച്ച ഖബറടക്കത്തിന് തൊട്ട് മുമ്പെത്തിയ ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീനും ഇവിടെയുണ്ടായിരുന്നു. 11.45ഓടെ സ്ഥലത്തുള്ള ദേശീയ, സംസ്ഥാന ഭാരവാഹികളുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും സാദിഖലി തങ്ങളൊഴികെയുള്ള പാണക്കാട് കുടുംബാംഗങ്ങളുടെയും യോഗം തുടങ്ങി. അടച്ചിട്ട മുറിയിൽ 10 മിനിറ്റ് നേരത്തേ ചർച്ച. തുടർന്ന് മാധ്യമപ്രവർത്തകരെ അകത്തേക്ക് വിളിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഒരു മിനിറ്റ് ആമുഖസംഭാഷണം. പ്രഖ്യാപനം നിർവഹിക്കാൻ ദേശീയ അധ്യക്ഷനെ ക്ഷണിച്ചു. കേരളത്തിലെ ലീഗിന്‍റെ പാരമ്പര്യം നിലനിർത്തി സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്തതായി ഖാദർ മൊയ്തീൻ അറിയിച്ചു.
ഹൈദരലി തങ്ങൾ വഹിച്ചിരുന്ന ദേശീയ രാഷ്ട്രീയ ഉപദേശകസമിതി അധ്യക്ഷസ്ഥാനവും സാദിഖലി തങ്ങൾക്ക് നൽകി. ഇതിനുശേഷം സാദിഖലി തങ്ങളെ വിളിപ്പിച്ച് മുനവ്വറലി തങ്ങൾ തീരുമാനമറിയിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളും വഖഫ് ബോർഡ് മുൻ ചെയർമാനുമായ റഷീദലി ശിഹാബ് തങ്ങളാണ് സാദിഖലി തങ്ങളുടെ പേര് നിർദേശിച്ചത്. പുതിയ നായകന് ആശംസകളർപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, പി.എം.എ. സലാം, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെത്തി സാദിഖലി തങ്ങളെ അഭിനന്ദിച്ചു. ഹൈദരലി തങ്ങളുടെ മക്കളായ മുഈനലി ശിഹാബ് തങ്ങളും നഈമലി ശിഹാബ് തങ്ങളും യോഗത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.