തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുമ്പോൾ മുസ്‌ലിം ലീഗുകാരൻ തന്നെ പ്രതിയാകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് പ്രതിയായിട്ടില്ലല്ലോ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സനോജ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമചന്ദ്രനാണ് കാഫിര്‍ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തതെന്ന പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗുകാരൻ തന്നെ പ്രതിയാകും. ഇതിപ്പോൾ ആരും പ്രതിയായിട്ടില്ലല്ലോ. ഇയാളുടെ കൈയിൽനിന്ന് വാട്സ്ആപ് സന്ദേശം പോയി എന്ന് മനസ്സിലായിട്ടുണ്ട്. പക്ഷേ, അത് നിർമിച്ചതാരാണെന്ന് കൂടുതൽ അന്വേഷണം നടന്നാൽ വ്യക്തമാകും. സ്വാഭാവികമായും ലീഗിൽ തന്നെ ആ വിഷയം കൊണ്ടെത്തും - വി.കെ. സനോജ് പറഞ്ഞു.
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യു.ഡി.എഫിന്‍റെ നിലപാടിനെതിരെയാണ് ഞങ്ങൾ പ്രസംഗിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ഞങ്ങളുടെ പ്രസംഗം വക്രീകരിച്ച് ഇവർ പ്രചരിപ്പിച്ചു. അതിന്‍റെ തുടർച്ചയായി നിരവധി കേസുകളുണ്ടായി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ലെറ്റർ പാഡ് വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചില്ലേ. 17-ഓളം കേസുകളിൽ മുസ്ലിം ലീഗിന്‍റെയും യു.ഡി.എഫിന്‍റെയും നേതാക്കന്മാർ അറസ്റ്റിലായില്ലേ? അതിന്‍റെ കൂടെ ഇങ്ങനെ ഒരു സ്ക്രീൻഷോട്ടും വന്നു. സ്വാഭാവികമായും ഈ വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കിന്‍റെ ഭാഗമായി ഇത് വ്യാജമാണോ, ഒറിജിനലാണോ എന്ന് തിരിച്ചറിയാതെ ഇത് എന്താണ് എന്ന അന്വേഷണം നടന്നുകാണും. റിബേഷിന്‍റെ പേരിൽ ഞങ്ങൾക്കൊരു ഉത്തരവാദിത്തമുണ്ട് -വസീഫ് പ്രതികരിച്ചു.
റിബേഷിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തി. വിഷയത്തില്‍ റിബേഷ് കോടതിയെ സമീപിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി ഷൈജു പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.