കോഴിക്കോട്: മുസ്ലിം സമുദായത്തിന്‍റെ സ്വന്തമായ വകുപ്പുകൾ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്നത് ദോഷമാണെന്നും ഇക്കാര്യം എല്ലാ രാഷ്ട്രീയ പാർട്ടികളോടും പറഞ്ഞിട്ടുണ്ടെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം. 'മുസ്ലിം ലീഗ് മൊത്തം മുസ്ലിംകളുടെയും സംഘടനയാണെന്ന തെറ്റിദ്ധരണ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. മുസ്ലിം ലീഗിന് നൽകിയാൽ മുസ്ലിംകൾക്കെല്ലാവർക്കും കിട്ടി എന്നാണ് അവരുടെ ധാരണ. ഹജ്ജ്, വഖഫ് പോലുള്ള വകുപ്പുകൾ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുേമ്പാൾ പക്ഷപാതിത്വം ഉണ്ടാകും.
സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്ലിംകളെ പല ഗ്രൂപ്പുകളായി മാറ്റിനിർത്തുന്നതിലും മുഖ്യപങ്ക് വഹിക്കുന്ന പാർട്ടിയാണ് അവർ. മുസ്ലിം ലീഗ് രാഷ്ട്രീയ കക്ഷിയാകുന്നില്ല, സാമൂഹിക കക്ഷി മാത്രമാണ്.
മുസ്ലിം ലീഗ് ജനങ്ങളിൽനിന്ന് പണം പിരിച്ച് വീടുണ്ടാക്കി നൽകുകയും ഒരാൾ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു ചാരിറ്റി സംഘടനയുടെ ജോലിയാണ്. സർക്കാറിൽനിന്ന് അവകാശങ്ങൾ വാങ്ങിനൽകാൻ പലപ്പോഴും അവർക്ക് കഴിയാറില്ല. സമുദായത്തിന്‍റെ പാർട്ടിയാണെന്ന ലേബലിൽ അവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നു. എന്നാൽ, അവരെക്കൊണ്ട് സമുദായത്തിന് പ്രത്യേകിച്ച് ഗുണം കിട്ടുന്നുമില്ല.
മുജാഹിദ് പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിച്ചില്ലെന്ന് പരാതി ഉന്നയിക്കുകയുണ്ടായി. എന്നാൽ, മുസ്ലിം ലീഗ് തന്നെ അവരെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് വേണം കരുതാൻ. അവർക്കാണ് കൂടുതൽ ലഭിച്ചിട്ടുള്ളത്. അത് മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാനാകും അങ്ങനെയൊരു പരാതി അവരെക്കൊണ്ട് പറയിപ്പിച്ചത്.
എസ്.എസ്.എഫിനോട് എൽ.ഡി.എഫ് സർക്കാർ ഊഷ്മളാമയ ബന്ധമാണ് നിലനിർത്തിയത്. കേരളത്തിലെ സർക്കാറുകൾ ഓരോ പ്രാവശ്യവും മാറി മാറി വരണമെന്ന് നിർബന്ധമില്ല. ഭരണത്തുടർച്ചയുണ്ടാകുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്ന് വേണം മനസ്സിലാക്കാൻ. ഒരു സർക്കാർ പദ്ധതി ആവിഷ്കരിച്ച് വരുേമ്പാഴേക്കും അവരുടെ പകുതി കാലം കഴിയും. സർക്കാർ മാറിയാൽ ആ പദ്ധതികൾ നടപ്പാകില്ല. പുതിയ സർക്കാർ വന്നാൽ അതുതന്നെ സംഭവിക്കും. ഏത് കക്ഷികൾ വന്നാലും തുടർഭരണം ഉണ്ടാകുന്നത് നല്ലതാണ് -എ.പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ താൽപര്യമോ ഇല്ലെന്ന് എ.പി സുന്നി നേതാവും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കിയിരുന്നു. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ മകൻ എ.പി. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരത്തിന്‍റെ പ്രതികരണം.
വിഡിയോ കടപ്പാട്: മീഡിയാ മിഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.