കോഴിക്കോട്: ആർ.എസ്.എസുമായി ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണെന്ന രീതിയിൽ തിരക്കഥ തയാറാക്കിയതിനു പിന്നിൽ സി.പി.എമ്മാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിൽ ചർച്ച നടന്നിട്ടില്ല. ഇന്ത്യയിലെ പ്രബല മുസ്ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ള സംഘടനകൾക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ പങ്കെടുത്തത്.
ആർ.എസ്.എസിന്‍റെ ആവശ്യപ്രകാരമായിരുന്നു ചർച്ച. അത്തരം ചർച്ചകൾ ആകാമെന്നതാണ് ജമാഅത്തെ ഇസ്ലാമി നിലപാട്. സംഘ് ഭീഷണിയിൽ ഇന്ത്യൻ മുസ്ലിംകൾ അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യത്തിൽ അവരോട് മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ശക്തമായി സംസാരിക്കുകയെന്നത് സംഘ്പരിവാറിനെതിരായ സമരത്തിന്‍റെ ഭാഗംതന്നെയാണെന്ന് ജമാഅത്ത് കരുതുന്നു.
പക്ഷേ, ചർച്ചയിൽ സ്വാർഥതാൽപര്യങ്ങളോ സ്വജനപക്ഷപാതമോ കടന്നുകൂടാൻ പാടില്ലെന്നു മാത്രം. ഈ ചർച്ചയിൽ അങ്ങനെയുള്ള താൽപര്യങ്ങളുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. അടച്ചിട്ട മുറിയിലെ രഹസ്യ ചർച്ചയെന്നൊക്കെ വിശേഷിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിനു പിന്നിൽ വ്യക്തമായ തിരക്കഥയുണ്ട്.
കേരളത്തിൽ എൻ.എസ്.എസ്, എസ്.എൻ.ഡി.പി സംഘടനകളും സഭാ നേതൃത്വവുമെല്ലാം അവരുമായി ചർച്ച നടത്തിയിട്ടുണ്ട്. അത് എന്തിനായിരുന്നുവെന്ന് ആരും ചോദിക്കാറില്ല. അതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ആശങ്കയുമുണ്ടായിട്ടില്ല. ഇപ്പോൾ മുസ്ലിം സംഘടനകൾ നടത്തിയ ചർച്ച കാപട്യമാണെന്ന് മുഖ്യമന്ത്രി പറയുന്നതിനു പിന്നിൽ ശുദ്ധമായ ഇസ്ലാമോഫോബിയ സൃഷ്ടിക്കലാണ്.
മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വർഷങ്ങൾ കഴിഞ്ഞാണ് പുറത്തുവരുന്നത്. ഈ ചർച്ച കാപട്യമായിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചർച്ചയുടെ ഉള്ളടക്കം പുറത്തുവിടാൻ സി.പി.എം തയാറാകണം. ആ ചർച്ചകൊണ്ട് ആർ.എസ്.എസിന്‍റെ പുള്ളി മായ്ച്ചുകളയാൻ കഴിഞ്ഞിട്ടുണ്ടോ എന്നും അവർ വ്യക്തമാക്കണം. ചർച്ചയിൽ ഭൂമി വിട്ടുകൊടുക്കൽ ഉൾപ്പെടെ ഡീലുണ്ടായിട്ടുണ്ടെന്നാണ് വിവരം. മുസ്ലിം സംഘടനകൾ നടത്തിയ ചർച്ചയിൽ അത്തരം ഡീലുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാഷിസത്തിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്നതിലും സമരമുഖം തുറക്കണമെന്നതിലും ജമാഅത്തിന് ഭിന്നാഭിപ്രായമില്ല. പക്ഷേ, ഇതിന്‍റെപേരിൽ സി.പി.എം വിലകുറഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുമ്പും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം രാഷ്ട്രീയം സി.പി.എം കളിച്ചിട്ടുണ്ട്. അത് സൃഷ്ടിച്ച മുറിവ് കേരളത്തിൽ ഇന്നും ഉണങ്ങിയിട്ടില്ല.
ജമാഅത്തെ ഇസ്ലാമി എക്കാലവും ഫാഷിസ്റ്റ് വിരുദ്ധ സമരമുഖത്താണ്. ഒരുഘട്ടത്തിൽ ജമാഅത്ത് നിലപാടിന്‍റെ ഗുണഭോക്താക്കൾ കൂടിയാണ് സി.പി.എം. മുസ്ലിം സംഘടനകൾ വിമർശിക്കാൻ കാരണം ആർ.എസ്.എസിനെതിരായ അവരുടെ ജാഗത്ര മൂലമാണെന്ന് ജമാഅത്ത് മനസ്സിലാക്കുന്നു. അവരുടെ ജാഗ്രതയെ ജമാഅത്ത് അംഗീകരിക്കുന്നു. ആർ.എസ്.എസിനെതിരായി ഇപ്പോഴുള്ളതുപോലെ തുടർന്നും ജാഗ്രതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിറാ സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം നദ്വി, സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം, അസി. സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.