സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസിലെ മുഖ്യ പ്രതികൾ 14 ദിവസം റിമാൻഡിൽ. മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47), സഹോദരന്മാരായ ആേൻറാ അഗസ്റ്റിൻ (33), ജോസുകുട്ടി അഗസ്റ്റിൻ (40), ഇവരുടെ ഡ്രൈവർ വിനീഷ് (30) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ മാനന്തവാടി സബ് ജയിലിലേക്ക് മാറ്റി. അതേസമയം, പൊലീസ് സാന്നിധ്യത്തിൽ മാതാവിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രതികളുടെ നിലപാട് കോടതിയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി.
വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ നാലുപേരെയും കോടതിയില്‍ ഹാജരാക്കിയത്. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ജഡ്ജി ആനന്ദ് ഭരത്തര, പ്രതികളെ റിമാൻഡ് ചെയ്യുകയും പൊലീസ് സാന്നിധ്യത്തിൽ മാതാവിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കാമെന്നും അറിയിച്ചു. എന്നാൽ, പൊലീസ് സാന്നിധ്യത്തിൽ സംസ്കാര ചടങ്ങിന് പോകില്ലെന്ന് പറഞ്ഞ് പ്രതികൾ കോടതിക്കുള്ളിൽ ബഹളമുണ്ടാക്കി. പൊലീസ് സംരക്ഷണത്തിലല്ലാതെ പോകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിക്കു പുറത്തിറങ്ങി പൊലീസിനു നേരെയും കയർത്തു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈകോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾ മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചുപറഞ്ഞു. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയ ഭൂമിയിൽനിന്ന് അനധികൃതമായി ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. കേസിൽ ജോസുകുട്ടി 63ഉം ആേൻറാ 64ഉം റോജി 69ഉം വിനീഷ് 72ഉം പ്രതികളാണ്. സര്‍ക്കാറിെൻറ വിവാദ മരംമുറി ഉത്തരവിെൻറ മറവില്‍ എട്ട് കോടി രൂപയുടെ ഈട്ടിമരം മുറിച്ച് കടത്തിയെന്നാണ് കേസ്.
204.635 ക്യുബിക് ഈട്ടി മരമാണ് മുറിച്ചു കടത്തിയത്. പ്രതികളുടെ മാതാവിെൻറ സംസ്കാര ചടങ്ങ് വ്യാഴാഴ്ച നടന്നില്ല. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത 42 കേസുകളിലും അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.